കോടതിയുടെ നേരറിയാന്‍ നേര് കാണണം-

മോഹന്‍ലാലിനെ അഡ്വ.വിജയ് മോഹന്‍ എന്ന കഥാപാത്രമാക്കി ജിത്തു ജോസഫ് സംവിധാനം നിര്‍വ്വഹിച്ച നേര്  ഒരു കോര്‍ട്ട് റും ഡ്രാമ എന്നതിനപ്പുറം ഒരു അനുഭവമായി മാറുകയാണ്.

ദൃശ്യം-2, ട്വല്‍ത്ത്മാന്‍ എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ വളരെ വ്യത്യസ്തമായ ഒരു വേഷം.

അന്ധയായ സാറ എന്ന പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കുറ്റവാളിയെ നിയമം തലനാരിഴകീറി സത്യദര്‍ശനം നടത്തി ജീവപര്യന്തം ശിക്ഷ വിധിക്കുന്നതാണ് കഥയുടെ കാതല്‍.

അഭിനയശേഷി കാര്യമായൊന്നും പ്രദര്‍ശിപ്പിക്കാനില്ലാത്ത സിനിമയില്‍ സിദ്ദിക്കിന്റെ അഡ്വ.രാജശേഖന്‍, അനശ്വര രാജന്‍ അവതരിപ്പിച്ച സാറ, ജഗദീഷിന്റെ മുഹമ്മദ്, കെ.ബി.ഗണേഷ്‌കുമാറിന്റെ പോലീസ് ഇന്‍സ്പെക്ടര്‍, തമിഴ് നടന്‍ മാത്യു വര്‍ഗീസിന്റെ ജഡ്ജി എന്നിവര്‍ തങ്ങളുടെ വേഷം ഭംഗിയാക്കിയിട്ടുണ്ട്.

സിനിമയുടെ പിരിമുറുക്കത്തിന് എരിവുകൂട്ടാന്‍ വിഷ്ണു ശ്യാമിന്റെ പശ്ചാത്തലസംഗീതത്തിന് കഴിയുന്നുണ്ട്.

പ്രിയാമണി, തിരക്കഥാകൃത്ത് കൂടിയായ അഡ്വ.ശാന്തി മായാദേവി, ശ്രീധന്യ, നന്ദു, ദിനേഷ് പ്രഭാകര്‍ എന്നിവരും അഭിനയ രംഗത്തുണ്ട്.

സാധാരണ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി കോടതിയുടെ നേര് അതിന്റെ വൈകാരിക സ്വഭാവത്തോടൊപ്പം സിനിമയുടെ അതിഭാവുകത്വവും ചേര്‍ത്ത് അവതരിപ്പിച്ചതാണ് സിനിമയുടെ വലിയ വിജയത്തിന് കാരണമായത്.

എന്തായാലും നേരിന് 100 ല്‍ 90 മാര്‍ക്ക് നല്‍കാതിരിക്കാനാവില്ല.