വൈദ്യുതി ചാര്‍ജ് വര്‍ധന താങ്ങാനാവില്ല: അതിജീവനത്തിന് തിയേറ്ററുകള്‍ സോളാറിലേക്ക് .
അതിജീവനത്തിന് വേണ്ടി സൗരോര്‍ജത്തിലേക്ക് മാറി സിനിമാ തിയേറ്ററുകള്‍.
ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി എയര്‍ കണ്ടീഷന്‍ ഉള്‍പ്പെടെ പുതിയ സംവിധാനങ്ങളുമായി കോടികള്‍ മുടക്കി രംഗത്തു വന്ന സിനിമാ തിയേറ്റര്‍ ഉടമകള്‍ അടുത്ത കാലത്തെ വൈദ്യുതി ചാര്‍ജ് വര്‍ധനവോടെ കനത്ത ആശങ്കയില്‍.
ഒരു മാസം 1.95 ലക്ഷം മുതല്‍ 2.25 ലക്ഷം രൂപ വരെ പ്രതിമാസ വൈദ്യുതി ചാര്‍ജ് വന്നതോടെ പലരും നഷ്ടത്തിലേക്ക് പോകുകയാണെന്ന് തിയേറ്റര്‍ ഉടമകള്‍ പറയുന്നു.
ഒ.ടി.ടി. പ്ലാറ്റ്ഫോമുകള് വ്യാപകമായതോടെ ടിക്കറ്റ് ചാര്‍ജ് വര്‍ധന ഏര്‍പ്പെടുത്തിയാല്‍ പ്രേക്ഷകര്‍ കുറയുമെന്നതാണ് അനുഭവമെന്ന് ഉടമകള്‍ പറയുന്നു.
റിലീസാവുന്ന സിനിമകളുടെ എണ്ണക്കുറവും നിലവാരമില്ലായ്മയും പ്രേക്ഷകരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് നിരവധി തിയേറ്ററുകളില്‍ റൂഫ് ടോപ്പില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
തളിപ്പറമ്പിലെ ആലിങ്കില് തിയേറ്റര്‍ ഉടമകളാണ് ആദ്യമായി മാറി ചിന്തിക്കാന്‍ തീരുമാനിച്ചത്.
കെ.എസ്.ഇ.ബിയും അനെര്‍ട്ടും ചേര്‍ന്ന് രൂപം നല്കിയ സബ്സിഡി സ്കീമില്‍ തിയേറ്റര്‍ പൂര്‍ണമായും സൗരോര്‍ജത്തിലേക്ക് മാറ്റുകയാണ്.
ഇതിന്റെ ഭാഗമായി 5000 അടി വിസ്തൃതിയില്‍ തിയേറ്ററിന് മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.
60 ലക്ഷത്തിലേറെ രൂപയാണ് ഇതിന്റെ പ്രാഥമിക ചെലവ് കണക്കാക്കുന്നത്.
തിയേറ്ററില്‍ ഉപയോഗിച്ച് ബാക്കി വരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് വില്‍ക്കുന്നതിനും കരാറായിട്ടുണ്ട്.
രണ്ടാഴ്ച്ചക്കുള്ളില്‍ തിയേറ്റര്‍ പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
ഇതോടെ വടക്കേ മലബാറിലെ ആദ്യത്തെ സോളാര്‍ തിയേറ്ററായി തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്റര്‍ മാറും.
ആലിങ്കീലിന്റെ ചുവടുപിടിച്ച് ജില്ലയിലെ മറ്റ് ചില തിയേറ്റര്‍ ഉടമകളും മാറിച്ചിന്തിക്കാനുള്ള ഒരുക്കത്തിലാണ്.
ഒറ്റത്തവണ മുടക്കുമുതല്‍ വളരെ കൂടുതല്‍ വരുന്നതാണ് പലരേയും പിന്നോട്ടു വലിക്കുന്നത്.
എന്നാല്‍ സൗരോര്‍ജത്തിലേക്ക് മാറിയില്ലെങ്കില്‍ തിയേറ്റര്‍ ലാഭകരമാവില്ലെന്ന് വന്നതോടെയാണ് പലരും രണ്ടും കല്‍പ്പിച്ച് സോളാറിലേക്ക് മാറുന്നത്.