തളിപ്പറമ്പ് നഗരസഭാ വായനശാല പുതുമോടിയില്‍ ഒരുങ്ങി- നവീകരിച്ചത് 14 വര്‍ഷങ്ങള്‍ക്ക് ശേഷം.
തളിപ്പറമ്പ്: തളിപ്പറമ്പിന്റെ അക്ഷരസൗധം പുതുമോടിയില്‍ ഒരുങ്ങി. ശോചനീയാവസ്ഥയിലായിരുന്ന തളിപ്പറമ്പ് നഗരസഭാ ലൈബ്രറിയും വായനശാലയും നവീകരിച്ചു.

പൊട്ടിപ്പൊളിഞ്ഞ ടൈലുകളും മനസ് മടുപ്പിക്കുന്ന അന്തരീക്ഷവും ഇനിയില്ല. 14 വര്‍ഷത്തിന് ശേഷമാണ് 17 ലക്ഷം രൂപ ചെലവഴിച്ച് ലൈബ്രറി കെട്ടിടം നവീകരിച്ചത്.
ലൈബ്രറി മുറിയുടെ അകത്തെ ടൈലുകള്‍ ബലൂണ്‍ പോലെ പൊങ്ങി വന്ന് പൊട്ടിത്തെറിക്കുന്നത് കാരണം വായനക്കാര്‍ക്ക് പുസ്തകം തെരഞ്ഞെടുക്കാനോ സമാധാനത്തോടെ ഇരുന്ന് വായിക്കാനോ സാധിച്ചിരുന്നില്ല.
കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ഉള്‍പ്പടെ നിരവധി മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് 2010-ല്‍ നിര്‍മ്മിച്ച കെട്ടിടം പൂര്‍ണമായി നവീകരിക്കാന്‍ നഗരസഭ തീരുമാനിച്ചത്.
നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ് നിസാര്‍ പ്രത്യേക താല്‍പര്യമെടുത്തതോടെയാണ് എല്ലാം വേഗത്തിലായത്.
നവീകരിച്ച ലൈബ്രറി കെട്ടിടത്തിനുള്ളില്‍ പാദരക്ഷ ഉപയോഗിക്കുന്നത് പോലും ഇപ്പോള്‍ വിലക്കിയിരിക്കയാണ്.
വൃത്തിയും വെടിപ്പും നിലനിര്‍ത്താനും വായിക്കാനല്ലാതെ വെറുതെ ഇരുന്ന് ഉറങ്ങാന്‍ ലൈബ്രറിക്കകത്ത് കയറുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ടെന്നും ലൈബ്രറി ഇന്‍ ചാര്‍ജ് പച്ച ലക്ഷ്മണന് പറഞ്ഞു.
