കാന്‍സര്‍ രോഗിയായ വയോധികയോട് ക്രൂരമായി പെരുമാറിയ ഡോക്ടര്‍മാര്‍ക്കെതിരെ പരാതി.

പരിയാരം: ചികില്‍സയുടെ പേരില്‍ കാന്‍സര്‍ രോഗിയായ വയോധികയോടും കൂട്ടിരിപ്പുകാരിയായ മകളോടും ക്രൂരമായി പെരുമാറിയ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ പരാതി.

ആലക്കോട് ഒറ്റത്തൈയിലെ കുന്നേല്‍ വീട്ടില്‍ രാധ വിജയനാണ്(69) നെഫ്രോളജി വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാരുടെ ക്രൂരതക്ക് ഇരയായത്.

ജൂലൈ-28 നാണ് രാധ കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

പരിശോധനയില്‍ ക്രിയാറ്റിന്‍ കൂടിയതിനാല്‍ ഡയാലസിസ് ആവശ്യമാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഡയാലിസിസിനുവേണ്ടി കൊണ്ടുപോയപ്പോഴാണ് രാധക്ക് ക്രൂരമായ പീഡനമേല്‍ക്കേണ്ടി വന്നതെന്നാണ് മകള്‍ സിനി കെ.വിജയന്‍ ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ചുമതലയുള്ള എ.ആര്‍.എം.ഒ ഡോ.കെ.വി.മനോജ്കുമാറിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

ഡയാലിസിസ് നടത്താന്‍ ശ്രമിക്കവെ രക്തശ്രാവം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ഡോക്ടര്‍മാര്‍ തെറിവിളിച്ചുവെന്നും ഇത് കേട്ടെത്തിയ മകള്‍ ചോദ്യം ചെയ്തപ്പോള്‍ അവരെയും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

ഹൃദ്രോഗികൂടിയായ രാധയെ ഇതേ തുടര്‍ന്ന് ഡിസ്ച്ചാര്‍ജ് ചെയ്ത് ആലക്കോട്ടെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

രോഗിയുടെ ബന്ധുക്കളുടെ പരാതി രേഖാമൂലം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഡോ.കെ.വി.മനോജ്കുമാര്‍ പറഞ്ഞു.