എന്ത് മിന്നല്‍പ്രളയം, ഇത് ക്വാറിമാഫിയകള്‍ സൃഷ്ടിച്ച മനുഷ്യനിര്‍മ്മിത പ്രളയം.

ഈ മിന്നല്‍ പ്രളയം പ്രവചിക്കാന്‍ ആവാത്തതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

എന്റെ പൊന്ന് —-അജ്ഞന്‍മാരെ ഇതിന്റെ കാരണം കണ്ടെത്താന്‍ സാമാന്യ ബുദ്ധി മാത്രം മതി.

കേരളത്തിന്റെ പശ്ചിമഘട്ട മലനിരകളെ കാര്‍ന്നുതിന്നുകയാണ് ക്വാറി ലോബികളും കുത്തകകളും. അവര്‍ക്കുവേണ്ടി വില്ലേജ് ഓഫീസര്‍മാര്‍ മുതല്‍ ജില്ലാ കളക്ടര്‍മാരും അതിന് മുകളിലുള്ള ഉദ്യോഗസ്ഥ ലോബികളും ഒറ്റക്കെട്ടായി നില്‍ക്കുന്നു.

കോടതികളും ഇവര്‍ക്കെപ്പം തന്നെ. ഒരുവിഭാഗം മാധ്യമങ്ങളും ഇവരുടെ വിടുപണിക്കാരാണ്.

വലിയവലിയ മലകളാണ് ക്വാറിമാഫിയകള്‍ നിമിഷങ്ങള്‍കൊണ്ട് അപ്രത്യക്ഷമാക്കുന്നത്.

നമ്മുടെ കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശങ്ങളും ഈ ലോബിയുടെ കൈകളിലാണ്.

അതേസമയം നമ്മുടെ പുഴകളെ നോക്കു, കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഈ ക്വാറിമാഫിയകള്‍ക്ക് വേണ്ടി പുഴമണല്‍ ഖനനം നിര്‍ത്തിവെച്ചിരിക്കുന്നു.

പുഴകളില്‍ അടിഞ്ഞുകൂടുന്ന മണല്‍ശേഖരം കാരണം ക്വാറികളുടെ ബാഹുല്യത്താല്‍ ഉണ്ടാകുന്ന മഴവെള്ളം ഉള്‍ക്കൊള്ളാന്‍ പുഴകള്‍ക്ക് സാധിക്കുന്നില്ല.

കിട്ടാവുന്ന വഴികളിലൂടെ പുഴ ഒഴുകുന്നു, അത് നമ്മുടെ വീടിന് മുകളിലൂടെയാവാം, കൃഷി സ്ഥലത്തിന് മുകളിലൂടെയവാം.

അത് ആദ്യം മനസിലാക്കാന്‍ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കോടതികള്‍ക്കും കഴിയണം.

ഈ പ്രളയം ക്വാറിമാഫിയകളും അവര്‍ക്ക് കൂട്ടുനിന്ന സര്‍ക്കാരും സൃഷ്ടിച്ചതാണ്. 

പ്രകൃതിവിഭവങ്ങള്‍ നിയന്ത്രിതമായ തോതിലല്ലാതെ ഉപയോഗിക്കപ്പെടരുത്.

പൂഴി ഖനനം നിരോധിച്ചപ്പോള്‍ കരിങ്കല്‍പ്പൊടി മണലിന് ആവശ്യക്കാര്‍ വര്‍ദ്ധിച്ചു.

അതോടെ പുതിയ പുതിയ ക്വാറികള്‍ക്കായി മാഫിയകള്‍ രംഗത്തിറങ്ങി.

അവര്‍ക്ക് ഒത്താശചെയ്യാന്‍ പഞ്ചായത്തുകളും റവന്യൂ അധികൃതരും മല്‍സരിച്ചു.

ഒറ്റപ്പെട്ട സമരങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ക്വാറി മാഫിയയോടും സമരക്കാരോടും ഒരേസമയം ചിരിച്ചുകാട്ടി കാര്യം കാണുന്ന ഭരണകര്‍ത്താക്കള്‍ ക്വാറിമാഫിയയുടെ അച്ചാരംപറ്റി പ്രകൃതിയെ ചൂഷണം ചെയ്യാന്‍ കൂട്ടുനില്‍ക്കുന്നു.

അതിന്റെ ഫലമാണ് ഈ മിന്നല്‍ പ്രളയം. 

സര്‍ക്കാറിനും വിവിധ പഞ്ചായത്തുകള്‍ക്കും വലിയ വരുമാനം ലഭിക്കുന്ന പുഴമണല്‍ഖനനം അടിയന്തിരമായി പുനരാരംഭിക്കുകയും,

കരിങ്കല്‍പാറകള്‍ പൊടിച്ചുതീര്‍ക്കുന്ന ക്വാറിമാഫിയക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്താല്‍ മാത്രമേ കേരളത്തെ പ്രകൃതി ദുരന്തത്തില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കൂ.

പക്ഷെ, ഇതിന് രണ്ടിനും കര്‍ശനമായ അച്ചടക്കം ആവശ്യമാണ്.