അനധികൃത പ്രവൃത്തികള്‍ക്ക് കൂട്ട് വില്ലേജ് ഓഫീസര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് അഡ്വ.സജീവ് ജോസഫ് എം.എല്‍.എ

തളിപ്പറമ്പ്: അനധികൃത നടപടികള്‍ക്ക് കൂട്ടുനിന്ന് വ്യാജ രേഖകള്‍ നല്‍കുന്ന വില്ലേജ് ഓഫീസര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് അഡ്വ.സജീവ് ജോസഫ് എം.എല്‍എ.

ഇന്ന് രാവിലെ തളിപ്പറമ്പ് താലൂക്ക് ഓഫീസ് സമ്മേളന ഹാളില്‍ നടന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് അധ്യക്ഷനായ എം.എല്‍.എ വില്ലേജ് ഓഫീസര്‍മാര്‍ക്കെതിരെ തിരിഞ്ഞത്.

ഏരുവേശി, ചപ്പാരപ്പടവ്, പാലക്കയംതട്ട് എന്നിവിടങ്ങളിലെ ക്വാറികള്‍ക്കുള്ള അനുമതിയും അനധികൃത കെട്ടിട നിര്‍മ്മാണങ്ങളും സംബന്ധിച്ച് വികസന സമിതി മുമ്പാകെ വന്ന പരാതികള്‍ പരിഗണിക്കവെയാണ് എം.എല്‍.എ യുടെ പ്രതികരണം.

ചപ്പാരപ്പടവ് മുന്നൂറുകുളത്ത് ക്വാറി ആരംഭിക്കാന്‍ വില്ലേജ് ഓഫീസര്‍ കൃത്രിമ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് രേഖാമൂലം പരാതി നല്‍കിയ സാനിച്ചന്‍ മാത്യു സമിതി മുമ്പാകെ പറഞ്ഞു.

ഇത് ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും, തളിപ്പറമ്പ് താലൂക്കിലാണ് ഇത്തരം പരാതികള്‍ വ്യാപകമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാലക്കയംതട്ടില്‍ ടൂറിസപ്രധാനമായ സ്ഥലത്തിന്റെ കാഴ്ച്ച മറച്ച് അനധികൃത കെട്ടിടം നിര്‍മ്മിച്ചു കഴിഞ്ഞുവെന്നും, ഇതിന് അനുമതി നല്‍കിയതിനെക്കുറിച്ച് അന്വേഷിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്ന് ഭൂരേഖ തഹസില്‍ദാര്‍ കെ.സുരേഷ് കുമാര്‍ സമിതിയെ അറിയിച്ചു.

തളിപ്പറമ്പ് മന്നയില്‍ സ്ഥാപിച്ച എല്‍.ഇ.ഡി പരസ്യബോര്‍ഡ് അപകടത്തിന് കാരണമാകുന്നതിനാല്‍ ഇത് അടിയന്തിരമായി നീക്കം ചെയ്യണമെന്നും ആവശ്യമുയര്‍ന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി തളിപ്പറമ്പ് നഗരസഭയില്‍ അനധികൃതമെന്ന് നഗരസഭ തന്നെ കണ്ടെത്തിയ കെട്ടിടങ്ങള്‍ വളഞ്ഞ വഴിയിലൂടെ സംരക്ഷിച്ചു നിര്‍ത്താന്‍ നഗരസഭ ശ്രമിക്കുകയാണെന്ന് ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍റൈറ്റ് പ്രൊട്ടക്ഷന്‍ ഫോറം സംസ്ഥാന സെക്രട്ടറി എ.വി.രവീന്ദ്രന്‍ പരാതിപ്പെട്ടു.

എന്നാല്‍ ഇത് ഉള്‍പ്പെടെ നഗരസഭയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങള്‍ക്ക് മറുപടി പറയേണ്ട സെക്രട്ടെറി യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.

അടുത്ത യോഗത്തില്‍ സെക്രട്ടറി നിര്‍ബന്ധമായി പങ്കെടുത്ത് ഇതിന് വിശദീകരണം നല്‍കണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു.

കെ.സുധാകരന്‍ എംപിയുടെ പ്രതിനിധി എം.പി.മാത്യു, ടി.കെ ഗോവിന്ദന്‍ എം എല്‍ എ യുടെ പ്രതിനിധി എം.വി.പ്രേമരാജന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട്, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി.ബാലകൃഷ്ണന്‍, താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് കെ.അനിത എന്നിവര്‍ പ്രസംഗിച്ചു.