ഇലവീഴാപൂഞ്ചിറ, റോന്ത് എന്നീ സിനിമകളുടെ സംവിധായകന്.
ജോസഫ്, നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ സിനിമകളുടെ തിരക്കഥാകൃത്ത്
എന്നീ നിലകളില്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ നെഞ്ചേറ്റിയ ഒരു വ്യക്തിയാണ് ഷാഹി കബീര്‍.
മുന്‍ പോലീസ് ഉദ്യോഗസ്ഥന് എന്ന നിലയില്‍ പോലീസ് കഥകളുടെ ഒരു ആശാനായ ഷാഹി കബീറിന്റെ പുതിയ ചിത്രം ഉന്മാദം ആദ്യത്തെ ഷോ തന്നെ കണ്ടു.
പക്ഷെ, മുന്‍കാല സിനിമകളുമായി താരതമ്യപ്പെടുത്തിയാല്‍ അഞ്ച് മാര്‍ക്ക് പോലും കൊടുക്കാന്‍ പറ്റാത്ത സിനിമ എന്ന് തന്നെ പറയേണ്ടി വരും.
കുഞ്ചാക്കോ ബോബനും ലിജോമോളും ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ മാത്രമാണ് ആശ്വാസം.
സിനിമ തിരക്കഥാകൃത്താവാന്‍ പോലീസില്‍ ലീവെടുത്ത് സംവിധായകരെ തേടി നടക്കുന്ന ഷെല്ലി എന്ന കഥാപാത്രമായി എത്തുന്ന കുഞ്ചാക്കോ ബോബന്റെ ഭാര്യ സൗമ്യയായാണ് ലിജോ മോള് ജോസ് അഭിനയിക്കുന്നത്.
ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി തിരികെ വീണ്ടും സര്‍വീസില്‍ കയറിയ ഷെല്ലിക്ക് ഒരു കേസന്വേഷണത്തിന്റെ ഭാഗമായി നടന്ന ഒരാളുടെ മരണത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ കോങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നു.
ഈ സ്റ്റേഷനിലെ ഒരു അസ്വാഭാവിക മരണത്തിന്റെ ഫയലുമായി ബന്ധപ്പെട്ടാണ് കഥ മുന്നോട്ടുപോകുന്നത്.
ട്രെയിന്‍തട്ടി മരണപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കേസ് ഫയലായിരുന്നു അത്.
പുതിയ സിനിമ കഥ എഴുത്തുമായി ബന്ധപ്പെട്ട് ഷെല്ലിക്ക് ഈ ഫയലില്‍ എന്താണെന്നറിയാനുള്ള ആകാംക്ഷ വര്‍ദ്ധിക്കുന്നു.
ഇതേ തുടര്‍ന്ന് ഷെല്ലിയുടെ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളും ഒടുവില്‍ പതിവുപോലെ യുവതിയുടെ മരണത്തിന് പിന്നിലെ വില്ലന്മാരെ കണ്ടെത്തുന്നതും ഈ സംഭവം പുതിയ സിനിമയായി ഷെല്ലിയുടെ തിരക്കഥയില്‍ പുറത്തിറങ്ങുന്നതുമാണ് കഥ.
സിദ്ദിക്ക്, സുധീഷ്, സാബുമോന്, അരുണ്‍, ഷാജു, കോട്ടയം നസീര്‍, കൃഷ്ണപ്രഭ, ഗോകുലന്, റൈന രാധാകൃഷ്ണന്, വിശാഖ് നായര്‍ തുടങ്ങി ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ വന്നും പോയും ഇരിക്കുന്ന സിനിമയില്‍ ആരും തങ്ങളുടെ വേഷം മോശമാക്കിയിട്ടില്ല.
കിരണ്‍ദാസ് എഡിറ്റിങ്ങും സംവിധാനവും നിര്‍വ്വഹിച്ച ഉന്മാദത്തിന്റെ ക്യാമറ-അര്ജുന് സേതുവാണ്.
മുജീബ് മജീദാണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചിട്ടുള്ളത്.
മരണപ്പെട്ട പെണ്‍കുട്ടിയുടെ പ്രേതാത്മാവിന്റെ സാന്നിധ്യം ചിത്രത്തിലുടനീളം നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഭയപ്പെടുത്തുന്നദൃശ്യങ്ങള് കാര്യമായിട്ടൊന്നുമില്ല.
ജയന്റെ സിനിമയായ ശക്തി(1981)യില്‍ പ്രേതം പല്ലിയിലൂടെയാണ് പ്രത്യക്ഷപ്പെടുന്നത്.
അത്തരമൊരു പല്ലിയാണ് പ്രേതം ഉന്മാദത്തിലും പ്രേക്ഷകരെ ഉന്മാദിപ്പിക്കാന് എത്തുന്നത്.