തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ പരിധിയിലെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരവുമായി എ.വി.രവീന്ദ്രന്‍.
ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിലും സജീവ സാന്നിധ്യമായ ഇദ്ദേഹം നിരത്തിവെച്ച തെളിവുകള്‍ക്ക് മുന്നില്‍ നഗരസഭയെ പ്രതിനിധീകരിച്ച് ഹാജരായ ഉദ്യോഗസ്ഥക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.
നഗരസഭ സെക്രട്ടെറിയുടെ അസാന്നിധ്യത്തെ പരിപാടിയില്‍ അധ്യക്ഷത വഹിച്ച ഇരിക്കൂര്‍ എം.എല്‍.എ അഡ്വ.സജീവ് ജോസഫ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
തളിപ്പറമ്പ് നഗരത്തിന്റെ പലഭാഗത്തും രാഷ്ട്രീയസ്വാധീനവുംപണ സ്വാധീനവും ഉപയോഗപ്പെടുത്തി എല്ലാ ചട്ടങ്ങളും ലംഘിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും അനധികൃതമെന്ന് കണ്ടെത്തിയാല്‍ പോലും നഗരസഭ ഉദ്യോഗസ്ഥര്‍ കിമ്പളം വാങ്ങി ഇവ നിലനിര്‍ത്താന്‍ തന്ത്രങ്ങള്‍ മെനഞ്ഞുനല്‍കുകയുമാണ് ചെയ്യുന്നത്.
കഴിഞ്ഞ ആര് വര്‍ഷത്തിലധികമായി പൊളിച്ചുമാറ്റാന്‍ നിര്‍ദ്ദേശിക്കുകയും നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് പൊതുസമൂഹത്തെ വിസ്വസിപ്പിക്കുകയും ചെയ്ത നിരവധി കെട്ടിടങ്ങള്‍ ഒരനക്കവുമില്ലാതെ നിലനില്‍ക്കുകയും വാടകക്ക് നല്‍കുകയും ചെയ്യുന്നത് തുടരുകയുമാണ്.
വിവരാവകാശ നിയമപ്രകാരം ഇത് സംബന്ധിച്ച എല്ലാ രേഖകളും ശേഖരിച്ച രവീന്ദ്രന്‍ ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.
കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി മനുഷ്യാവകാശ രംഗത്തും അഴിമതിക്കെതിരെയും സജീവമായി പ്രവര്‍ത്തിച്ചു വരുന്ന എ.വി.രവീന്ദ്രന്‍ ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍റൈറ്റ് പ്രൊട്ടക്ഷന്‍ ഫോറം സംസ്ഥാന സെക്രട്ടെറി കൂടിയാണ്.