മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ കെട്ടിടത്തിനായി ഓടയുടെ ഗതിമാറ്റിയെന്ന് കോണ്‍ഗ്രസ്; നിര്‍മാണം തടഞ്ഞ് കൊടി കുത്തി, ഇന്ന് കൊടുമണില്‍ ഹര്‍ത്താല്‍

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഓടയുടെ ഗതി മാറ്റിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം. കൊടുമണ്ണിലെ പഞ്ചായത്ത് സ്റ്റേഡിയത്തിനു മുന്നില്‍ ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിലെ ഓട നിര്‍മാണം തടഞ്ഞു കൊടി കുത്തിയ ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കൊടുമണ്‍ പഞ്ചായത്തില്‍ ഇന്നു രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ഇന്നലെ ഉച്ചയോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓട നിര്‍മാണം തടഞ്ഞു കൊടികുത്തിയത്. കെട്ടിട നിര്‍മാണ സമയത്തു പുറമ്പോക്ക് കയ്യേറിയതു കണ്ടെത്താതിരിക്കാനാണ് ഓടയുടെ ഗതിമാറ്റിയതെന്നാണ് കോണ്‍ഗ്രസ് ആരോപണം. തുടര്‍ന്നു പൊലീസെത്തി ഏഴു പേരെ അറസ്റ്റ് ചെയ്തുനീക്കി. അറസ്റ്റ് അന്യായമാണെന്ന് ആരോപിച്ചു സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീടു പ്രവര്‍ത്തകരെ വിട്ടയച്ചു. ഓട റോഡിന്റെ അതിര്‍ത്തിലേക്കു മാറ്റി സ്ഥാപിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
അതേസമയം, റോഡിന്റെ പുറമ്പോക്കു കയ്യേറിയിട്ടില്ലെന്നും കെട്ടിടം നിര്‍മിക്കുന്നതിനു മുന്‍പാണു റോഡിന്റെ അലൈന്‍മെന്റ് നടത്തിയതെന്നും വികസനത്തിനായി ഇനിയും സ്ഥലം വിട്ടു നല്‍കാന്‍ തയാറാണെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു.