ഞായറാഴ്ച ഒരു കുർബാന ഏകീകൃത രീതിയിൽ; ജൂലൈ മൂന്ന് മുതൽ നടപ്പാക്കും
കൊച്ചി: ഏകീകൃത കുര്‍ബാനയില്‍ അയവുവരുത്തി സിറോ മലബാര്‍ സഭ സിനഡ്. ജൂലൈ 3 മുതല്‍ പള്ളികളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ഒരു കുര്‍ബാനയെങ്കിലും സിനഡ് നിര്‍ദേശിച്ച ഏകീകൃത രൂപത്തില്‍ അര്‍പ്പിക്കണമെന്നാണ് പുതിയ നിര്‍ദേശം. ഇത് അനുസരിച്ചാല്‍ നേരത്തെ പ്രഖ്യാപിച്ച കാനോനിക ശിക്ഷ നടപടികളില്‍ ഇളവ് നല്‍കുമെന്നും സിനഡ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
നിലവില്‍ ഏകീകൃത കുര്‍ബാനയര്‍പ്പിക്കുന്നവര്‍ക്കും ജൂലൈ 3ന് ശേഷം അത് തുടങ്ങാന്‍ ആരംഭിക്കുന്നവര്‍ക്കും തടസങ്ങളുണ്ടാക്കരുത്. സന്യാസ ഭവനങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും ജൂലൈ 3 മുതല്‍ ഏകീകൃത കുര്‍ബാനയര്‍പ്പിക്കണം. എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും കുര്‍ബാനയ്ക്ക് വചന വേദി നിര്‍ബന്ധമാണ്.
സഭയുടെ കൂട്ടായ്മ തകര്‍ക്കുന്ന പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. അനുരഞ്ജന പ്രക്രിയ ത്വരിതപ്പെടുത്താനും സഭയിലെ മുറിവുകള്‍ ഉണക്കാനും മേജര്‍ ആര്‍ച്ച് ബിഷപ്പ്, അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍, അതിരൂപതയില്‍ നിന്നുള്ള ബിഷപ്പുമാര്‍ എന്നിവര്‍ നടപടി സ്വീകരിക്കണമെന്നും സിനഡ് വ്യക്തമാക്കി.
ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികരെ ജൂലൈ നാലിന് ശേഷം പുറത്താക്കിയതായി കണക്കാക്കുമെന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലറില്‍ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സിനഡിന്റെ നയം മാറ്റം. തൃശൂര്‍ അതിരൂപതയും ഇരിങ്ങാലക്കുട രൂപതയിലെ വൈദികരും സര്‍ക്കുലറിനെതിരെ രംഗത്ത് വന്നിരുന്നു.
