കുറുമാത്തൂരില്‍ നിന്നും ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ചവര്‍ ഇരിട്ടിയില്‍ പിടിയില്‍

തളിപ്പറമ്പ്: കുറുമാത്തൂര്‍ പൊക്കുണ്ട് ടൗണില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ ബാറ്ററി പട്ടാപ്പകല്‍ മോഷ്ടിച്ച സംഘം ഇരിട്ടി പോലീസിന്റെ പിടിയിലായി.

മട്ടന്നൂര്‍ പഴശിയിലെ കെ.റൗഫ്(35), കല്ലൂരിലെ പി.റമീസ്(34) എന്നിവരാണ് പിടിയിലായത്.

27 ന് രാവിലെ കരിക്കോട്ടക്കരിയിലെ തോമസിന്റെ ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിക്കവെയാണ് സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ഇവര്‍ പിടിയിലായത്.

കൂനത്തെ വെല്‍ഡിംഗ് ജോലിക്കാരനായ കേളോത്ത് വീട്ടില്‍ കെ.ജയരാജന്റെ കെ.എല്‍-59 എം 752 നമ്പര്‍ പ്രൈവറ്റ് ഓട്ടോറിക്ഷയുടെ 5700 രൂപ വിലമതിക്കുന്ന എക്‌സൈഡ് കമ്പനിയുടെ ബാറ്ററിയാണ് മോഷ്ടിക്കപ്പെട്ടത്.

കുറുമാത്തൂരില്‍കഴിഞ്ഞ ജൂണ്‍-27 ന് ഉച്ചക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലായിരുന്നു സംഭവം.

ജയരാജന്‍ കേരളാ ഗ്രാമീണ്‍ ബാങ്കിന്റെ കുറുമാത്തൂര്‍ ശാഖയിലേക്ക് വന്നതായിരുന്നു.

ടാക്‌സി സ്റ്റാന്റിന് സമീപം ഓട്ടോരിക്ഷ നിര്‍ത്തി ബാങ്കിലേക്ക് പോയപ്പോഴായിരുന്നു മോഷണം.

രണ്ടാഴ്ച്ച മുമ്പ് വാങ്ങിയ പുതിയ ബാറ്ററിയാണ് വെള്ള നിറത്തിലുള്ള കാറിലെത്തിയവര്‍ മോഷ്ടിച്ചത്.

കാര്‍ ഓട്ടോറിക്ഷയോട് ചേര്‍ത്ത് നിര്‍ത്തിയശേഷം പുറത്തിറങ്ങിയ മോഷ്ടാവ് തിരക്കേറിയ സ്ഥലത്തുനിന്നും ആരുടേയും കണ്ണില്‍പെടാതെ ബാറ്ററി മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.