ആരോഗ്യവകുപ്പ് അധികൃതര്‍ വെള്ളം ശേഖരിച്ചു, പരിശോധനാഫലം വരുന്നതുവരെ കാരക്കുണ്ടിലേക്ക് പ്രവേശനമില്ല.
പരിയാരം: അമീബിക് മസ്തിഷ്ക്കജ്വരം ബാധിച്ച കുട്ടി കുളിച്ച കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേത് ഉള്‍പ്പടെ മൂന്നിടങ്ങളില്‍ നിന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധനക്കായി വെള്ളം ശേഖരിച്ചു.
കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ കാരക്കുണ്ട് വെള്ളച്ചാട്ടം കാണാനെത്തിയ കുട്ടി രക്ഷിതാക്കളോടൊപ്പം കുളിച്ചിരുന്നു.
വെള്ളച്ചാട്ടത്തിന് മുകളിലെ പഴയ കുളം, കുട്ടിയുടെ വീട്ടിലെ കിണര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വെള്ളം ശേഖരിച്ചത്.
ഇത് പോണ്ടിച്ചേരിയിലെ വിനായക മെഡിക്കല്‍ കോളേജിലെ ലാബിലായിരിക്കും പരിശോധിക്കുക.
കണ്ണൂര്‍ ഡി.എം.ഒ ഓഫീസിലെ ഉദ്യോഗസ്ഥന് പരിശോധനക്കായി സാമ്പിള്‍ നേരിട്ട് അവിടെ എത്തിക്കുകയാവും ചെയ്യുക.
നാളെ (ഞായര്‍)വൈകുന്നേരത്തോടെ റിപ്പോര്‍ട്ട് ലഭിച്ചേക്കുമെന്ന് കരുതുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
ജില്ലാ എപ്പിഡമോളജിസ്റ്റ് ജി.എസ്.അഭിഷേക്, ജില്ലാ മലേറിയ ഓഫീസര്‍ കെ.കെ.ഷിനി, ടെക്നിക്കല്‍ അസിസ്റ്റന്റ് പി.രാധാകൃഷ്ണന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിജേഷ് എന്നിവരാണ് ഡിഎംഒയുടെ ഉത്തരവ് പ്രകാരം പരിശോധനക്ക് എത്തിയത്.
കടന്നപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.രഞ്ജിത്ത് കുമാര്‍, ആലക്കാട് മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പി അനീഷ്, ജെഎച്ച്ഐ ശ്രീജേഷ് ശ്രീവിജയ് എന്നീ ആരോഗ്യ പ്രവര്‍ത്തകരും കടന്നപ്പള്ളി-പാണപ്പുഴ, പരിയാരം ഗ്രാമ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു.
പരിശോധനാഫലം പുറത്തുവരുന്നതുവരെ കാരക്കുണ്ട് വെള്ളച്ചാട്ടത്തിേലക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചതായി കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ പറഞ്ഞു.
മണ്‍സൂണ്‍കാലങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തിച്ചേരുന്ന സ്ഥലമാണ് കാരക്കുണ്ട് വെള്ളച്ചാട്ടം.