അള്ളാംകുളം: സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
തളിപ്പറമ്പ്: നീന്തലറിയാത്തവര്‍ക്ക് കുളിക്കാന്‍ അള്ളാംകുളം സുരക്ഷിതമാണോ-ഈ ചോദ്യത്തിന് അടിവരയിടുന്നതാണ് ഇന്നലെ കുളിക്കാനിറങ്ങിയ സി.എം.മുഹമ്മദ് നാദിഷ്(16) എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണം.
അര നൂറ്റാണ്ട് മുമ്പ് നിരവധി മുങ്ങിമരണങ്ങള്‍ നടന്നിട്ടുള്ള അള്ളാംകുളം ഭീതിയുടെ കുളമായി മാറിയതോടെയാണ് നാട്ടുകാര്‍ ഉപേക്ഷിച്ച് അനാഥാവസ്ഥയിലായത്.
ഏറെക്കാലം കാടുമൂടിക്കിടന്ന കുളം പിന്നീട് നാട്ടുകാരില്‍ നിന്നുള്ള നിരന്തരമായ അഭ്യര്‍ത്ഥനകളെ തുടര്‍ന്നാണ് അന്നത്തെ നഗരസഭാ ചെയര്‍മാനായ അള്ളാംകുളം മഹമ്മൂദ് മുന്‍കൈയെടുത്ത് നവീകരിച്ച് ഇന്നത്തെ നിലയിലാക്കിയത്.
ഏറെ ശ്ലാഘിക്കപ്പെട്ട ഒരു ഉദ്യമമായിരുന്നു അള്ളാംകുളത്തിന്റെ നവീകരണം.
എന്നാല്‍ നേരത്തെ ഉണ്ടായിരുന്ന കുളം ആഴം കൂട്ടി നവീകരിച്ചപ്പോള്‍ നിര്‍മ്മാണത്തില്‍ വന്ന ചില അപാകതകള്‍ മുഴച്ചുനില്‍ക്കുന്നതായി അന്നേ പരാതികള്‍ ഉയര്‍ന്നിരുന്നു.
കുളത്തിന്റെ എല്ലാ ഭാഗത്തും പടവുകള്‍ ഉണ്ടായിരുന്ന പഴയ രീതി മാറ്റി മുന്‍വശത്തുനിന്നും മാത്രമായി പടവുകള്‍ വെച്ചതോടെ നീന്തലറിയാത്തവര്‍ക്ക് നീന്തല്‍ പഠിക്കാനുള്ള സുരക്ഷിതത്വം ഇല്ലാതാവുകയായിരുന്നു.
ഏതായാലും ഇനിയൊരു ദുരന്തം സംഭവിക്കാന്‍ അവസരം ഉണ്ടാക്കാതെ കുളത്തില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ ചെയ്യേണ്ടത് അത്യാവശ്യമായി വന്നിരിക്കയാണ്.
ഈ രംഗത്തെ പ്രഗല്ഭരായ ആളുകളുടെ ഉപദേശം തേടി വേണ്ടത് ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.