അസ്ഥിരോഗികളെ വട്ടംകറക്കുന്ന തളിപ്പറമ്പ് താലൂക്ക് ആശുപത്രി അധികൃതര്‍ക്കെതിരെ ജനരോഷം

തളിപ്പറമ്പ്: വേദനകടിച്ചമര്‍ത്തി ആശുപത്രിയിലെത്തുന്ന അസ്ഥിരോഗികളെ വിഡ്ഡികളാക്കി തളിപ്പറമ്പ് താലൂക്ക് ആശുപത്രി അധികൃതര്‍ വട്ടംകറക്കുന്നു.

ഇന്ന് പുലര്‍ച്ചെമുതല്‍ അസ്ഥിരോഗ വിദഗ്ദ്ധനെ കാണാനായി ടോക്കണ്‍ എടുക്കാന്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെത്തിയവരാണ് അധികൃതരുടെ തെറ്റായനയം മൂലം ദുരിതത്തിലായത്.

ഇന്ന് അസ്ഥിരോഗ വിദഗ്ദ്ധനായ ഡോക്ടര്‍ ഉണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചത്പ്രകാരമാണ് മലയോരമേഖലകളില്‍ നിന്ന് ഉള്‍പ്പെടെയുള്ള രോഗികള്‍ പുലര്‍ച്ചെ 5.45 ന് തന്നെ ആശുപത്രിയിലെത്തിയത്.

എന്നാല്‍ ഡോക്ടര്‍ ഇല്ലെന്നാണ് ജീവനക്കാര്‍ ഇവരോട് പറഞ്ഞത്. രോഗികളുടെ കൂടെ ഉണ്ടായവര്‍ ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെട്ടപ്പോള്‍ അസ്ഥിരോഗ ഒ.പി പ്രവര്‍ത്തിക്കുമെന്ന് തന്നെയാണ് പറഞ്ഞത്.

ഇത് ആദ്യത്തെ അനുഭവമല്ലെന്നും അസ്ഥിരോഗ ഒ.പി ഉണ്ടെന്ന് വിവരമറിഞ്ഞ് എത്തിയവര്‍ പലപ്പോഴും പറ്റിക്കപ്പെടുന്ന അവസ്ഥയാണ് ഉള്ളതെന്നും രോഗികള്‍ പറയുന്നു.

മലയോരമേഖലയിലെ പ്രധാനപ്പെട്ട ആശുപത്രിയായ തളിപ്പറമ്പിലേക്ക് ഏറെ ദൂരം സഞ്ചരിച്ച് പുലര്‍ച്ചെ തന്നെ എത്തിച്ചേരുന്ന രോഗികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.