പരിയാരത്തെ മെഡിക്കല്‍ കോളേജ് കാന്റീനുകളെക്കുറിച്ച് ആക്ഷേപമുയരുന്നു.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ കാന്റീനുകളെ കുറിച്ച് പരാതികള്‍ വ്യാപകം.
തീര്‍ത്തും അംഗീകരിക്കാന്‍ കഴിയാത്ത നിലയിലുള്ള വിലയാണ് അവിടെ നിന്ന് ഈടാക്കുന്നതെന്നാണ് ആക്ഷേപം.
പ്രത്യേകിച്ച് ആദിവാസി മേഖലയില്‍ നിന്നും സാധാരണയില്‍ സാധാരണക്കാരായ രോഗികള്‍ അഭയം തേടുന്ന സ്ഥലം എന്ന നിലയില്‍ വെന്റിലേറ്ററില്‍ മറ്റും കഴിയുന്ന രോഗികള്‍ ദിവസം മിനിമം രണ്ടുപ്രാവശ്യമെങ്കിലും കഞ്ഞി ജ്യൂസ് ഒരു പ്രാവശ്യം ഓട്‌സിന്റെ ജ്യൂസ് എന്നിവ ആവശ്യമായി വരുന്നുണ്ട്.
ഇവിടെ ഓട്‌സ് ജ്യൂസിന് 50 രൂപയും കഞ്ഞി ജ്യൂസിന് 40 രൂപയും ആണ് ഈടാക്കുന്നത്.
അതുപോലെ ഒരു ഉപ്പുമാവിന് 20 രൂപ, മുട്ട പുഴുങ്ങിയതിന് 12 രൂപ നിരക്കിലാണ് ഈടാക്കുന്നതെന്ന് രോഗികള്‍ പറയുന്നു.
ഒരു കഷണം പുട്ട് 12 രൂപക്കാണ് ഇവിടെ വില്‍ക്കുന്നത്. അതേസമയം കണ്ണൂര്‍ എകെജി ഹോസ്പിറ്റല്‍ കാന്റീനില്‍ പാല്‍ ഒഴിച്ചുള്ള ഓട്‌സ് ജ്യൂസിന് 25 രൂപയും സാധാരണ ജ്യൂസിന് 20 രൂപയുമാണ് ഈടാക്കുന്നത്.
മിംസ്, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലുകളില്‍ വളരെ നല്ല ഗുണനിലവാരം പുലര്‍ത്തിക്കൊണ്ടുതന്നെ ചെറിയ തുകയ്ക്കാണ് കാന്റീനുകളില്‍ നിന്ന് ഭക്ഷണം വിതരണം ചെയ്യുന്നത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കെട്ടിടത്തിനകത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ കാന്റീനുകള്‍ക്ക് നിരവധി ഇളവുകള്‍ ലഭിക്കുന്നുണ്ട്.
പക്ഷെ, അത് രോഗികള്‍ക്ക് തിരിച്ചു നല്‍കാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി.
എന്നാല്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സഹകരണ കാന്റീനുകളും കാമ്പസിനകത്തുണ്ട്.
അടുത്തകാലത്താണ് മെഡിക്കല്‍ കോളേജ് അധികൃതരുമായി ആലോചനപോലും നടത്താതെ വലിയതോതില്‍ വില വര്‍ദ്ധിപ്പിച്ചതെന്നാണ് ആക്ഷേപം.
മെഡിക്കല്‍ കോളേജ് കാമ്പസിനകത്ത് ഇന്ത്യന്‍ കോഫി ഹൗസ് പോലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.