കാവുകളുടെ സംരക്ഷണം: സ്വതന്ത്ര പഠന റിപ്പോര്‍ട്ട് നിയമസഭയ്ക്ക് സമര്‍പ്പിക്കും
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട കാവുകളുടെ സംരക്ഷണവും പരിപാലനവുമായി ബന്ധപ്പെട്ട് നടത്തിയ സന്ദര്‍ശനത്തിന്റെയും വിവര ശേഖരണത്തിന്റെയും അടിസ്ഥാനത്തില്‍ സ്വതന്ത്ര പഠന റിപ്പോര്‍ട്ട് തയ്യാറാക്കി നിയമസഭയ്ക്ക് സമര്‍പ്പിക്കുമെന്ന് നിയമസഭാ പരിസ്ഥിതി കമ്മിറ്റി ചെയര്മാന് ഇ.കെ.വിജയന് എം.എല്‍.എ അറിയിച്ചു.
ജില്ലയിലെ പ്രധാനപ്പെട്ട കാവുകള്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങളായ പി.കെ.ബഷീര്‍, ടി.ഐ. മധുസൂദനന്, സജീവ് ജോസഫ്, കെ.ഡി.പ്രസേനന്‍, ജോബ് മൈക്കിള്‍, ലിന്റോ ജോസഫ് എന്നീ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
മിക്ക കാവുകളും മതപരമായ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമായി വീടുകളിലും ക്ഷേത്രങ്ങളിലും സംരക്ഷിച്ചു വന്നിരുന്നുവെങ്കിലും കാലാന്തരത്തില്‍ നാശോന്മുഖമായ ഇവയുടെ സംരക്ഷണം പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിനായി പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സമിതി വിലയിരുത്തി.
കാവുകളുടെ വിസ്തൃതി പല കാരണങ്ങളാല്‍ കുറഞ്ഞതായി ചെയര്മാന് പറഞ്ഞു. കേരളത്തില്‍ പതിനായിരക്കണക്കിന് കാവുകളുണ്ട്.
ദേവാലയങ്ങളുമായി ബന്ധപ്പെട്ടതും സ്വകാര്യ വ്യക്തികളുടെ കൈയിലുള്ളതും അതിലുണ്ട്. സര്‍ക്കാറിന്റെ കൈയിലുള്ള ഭൂമിയില്‍ ഏക്കറ് കണക്കിനുള്ള കാവുകളുണ്ട്.
അന്യാധീനപ്പെട്ടുപോയവയുണ്ട്. ഇതിന്റെയെല്ലാം സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സമിതിയുടെ സന്ദര്‍ശനം. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും സന്ദര്‍ശനം നടത്തും.
ഇതിന്റെ അടിസ്ഥാനത്തില്‍ കാവുകളുടെ പട്ടിക പ്രസിദ്ധീകരിക്കും. കാവുകളുടെ സംരക്ഷണം പൊതുസമൂഹത്തിന്റെ ആവശ്യമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ ഗൗരവമേറിയ വിഷയം സമിതി ഏറ്റെടുത്തതെന്നും ചെയര്മാന് അറിയിച്ചു.
കാവുകളില്‍നിന്ന് അക്കേഷ്യ പോലുള്ള വൃക്ഷങ്ങള്‍ മുറിച്ചുമാറ്റി പുനര്വനവത്കരണം നടത്തണമെന്ന് സമിതി സാമൂഹിക വനവത്കരണ വിഭാഗത്തിനോട് നിര്‍ദേശിച്ചു.
ഏറെ പ്രായം ചെന്ന നശിച്ചുതുടങ്ങിയ അപൂര്‍വമായ വന്‍വൃക്ഷങ്ങളുടെ സംരക്ഷണത്തിന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് പീച്ചി കേരള വനഗവേഷണ കേന്ദ്രത്തിനോട് ആരായാനും നിര്‍ദേശമുണ്ടായി.
സംസ്ഥാനത്ത ഏറ്റവും കൂടുതല്‍ കാവുകള്‍ ഉള്ള ജില്ലകളിലൊന്നായ കണ്ണൂരില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 39 കാവുകളാണുള്ളത്. കൂടാതെ സ്വകാര്യ വ്യക്തികള്‍ സംരക്ഷിക്കുന്ന കാവുകളുമുണ്ട്. രാവിലെ ധര്‍മ്മടം അണ്ടല്ലൂര്‍ കാവില്‍നിന്നാണ് സന്ദര്‍ശനം ആരംഭിച്ചത്.
ഒരേക്കര്‍ വിസ്തൃതിയിലുള്ള അണ്ടല്ലൂര്‍ താഴെ കാവില്‍ ഏറെ പ്രായം ചെന്ന, ജപ്പാനിലും കൊറിയയിലും മാത്രം കാണുന്നവ ഉള്‍പ്പെടെ അപൂര്‍വ്വമായ മരങ്ങള്‍ ഇവിടെ ഉണ്ടെന്നും അതിന്റെ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയതായും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
അണ്ടല്ലൂര്‍ കാവില്‍ സ്ഥലം എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന് അനുവദിച്ച 3.65 കോടി രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. മിയാവാക്കി പദ്ധതി പ്രകാരം എട്ട് ലക്ഷം രൂപ അനുവദിച്ച് താഴെകാവില്‍ വനവത്കരണം നടപ്പിലാക്കുന്നു.
ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കാനും കിണര്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ടെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. അനുബന്ധമായ മുല്ലപ്രം കാവിന് ചുറ്റുമതില്‍ ആവശ്യമാണെന്ന് ഭരണസമിതി അറിയിച്ചു.
കെ.പി. മോഹനന്, എം.എല്‍.എ, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, ക്ഷേത്ര ഊരാളന്മാര് എന്നിവരും ഇവിടെ ഉണ്ടായിരുന്നു.
തുടര്‍ന്ന് ശ്രീകണ്ഠപുരം വയക്കര ശ്രീ ദൈവത്താര്‍ വനശാസ്താ കാവ്, ഏഴിമലയിലെ ജൈവ വൈവിധ്യം, തെയ്യോട്ട്കാവ്, കൊങ്ങിണിച്ചാംകാവ്, വെരീക്കര കാവ് എന്നിവയും സമിതി നേരിട്ട് സന്ദര്‍ശിച്ചു.
കാവുകളുടെ അവസ്ഥ മനസ്സിലാക്കുകയും ക്ഷേത്ര ഭരണസമിതികളില്‍നിന്നും നാട്ടുകാരില്‍നിന്നും വിവര ശേഖരണം നടത്തുകയും ചെയ്തു.
സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നക്ഷത്ര വനം പദ്ധതി സംബന്ധിച്ച് വേണ്ടത്ര പ്രചാരണം നല്‍കാനും കൂടുതല്‍ പേരിലെത്തിക്കാനും കാവുകളുടെ സംരക്ഷണത്തിന് ജൈവ വേലി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കാനും പയ്യന്നൂര്‍ ഗവ.റസ്റ്റ് ഹൗസില്‍ നടന്ന തെളിവെടുപ്പില്‍ സമിതി നിര്‍ദേശം നല്കി.
ഹരിത കേരളം മിഷന് ജില്ലയില്‍ നടപ്പിലാക്കുന്ന ദേവഹരിതം, പച്ചത്തുരുത്ത് തുടങ്ങിയ പദ്ധതികള്‍ സംബന്ധിച്ച് മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വിശദീകരിച്ചു.
വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് എ.ഡി.എം കെ.കെ. ദിവാകരന്, കോഴിക്കോട് മേഖലാ സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ കീര്‍ത്തി,
കണ്ണൂര്‍ ഡി.എഫ്.ഒ പി. കാര്‍ത്തിക്, ഹരിതകേരള മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍,
പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മറ്റ് പരിസ്ഥിതി പ്രശ്നങ്ങള്‍ സംബന്ധിച്ചും സമിതി പരാതി സ്വീകരിച്ചു.