നാട്ടില്‍ ഷീ ഇല്ലേ-ബ്ലോക്ക് പഞ്ചായത്തിന്റെ ഷീ ലോഡ്ജ് തുറന്നതേയില്ല.
തളിപ്പറമ്പ്: പൊതുഖജനാവിലെ പണം തന്നിഷ്ടംപോലെ ധൂര്‍ത്തടിച്ചതിന് ഇതാ ഒരു തളിപ്പറമ്പ് മാതൃക.
85 ലക്ഷം രൂപ ചെലവഴിച്ച് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വളപ്പില്‍ പണിത ഷീ ലോഡ്ജ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും തുറന്നുകൊടുത്തില്ല.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ ഷീലോഡ്ജ് ആന്‍ഡ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് 2022 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മിച്ചത്.
2022 ഡിസംബര്‍ 12 ന് പ്രവൃത്തി തുടങ്ങിയ ഷിലോഡ്ജും, വര്‍ക്കിംഗ് വുമന്‍സ് ഹോസ്റ്റലും 2024 ഫെബ്രുവരി നാലിനാണ് തളിപ്പറമ്പ് എം എംഎല്‍എ എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തത്.
രാത്രി വൈകി തളിപ്പറമ്പ് നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കും, വിദൂര പ്രദേശങ്ങളില്‍ നിന്ന് വന്ന് തളിപ്പറമ്പിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും സുരക്ഷിതമായി ചുരുങ്ങിയ ചെലവില്‍ താമസിക്കാനൊരിടം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഷീ-ലോഡ്ജ് ആന്റ് വര്‍ക്കിംഗ് വുമന്‍സ് ഹോസ്റ്റല്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനം നടത്തുമ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞിരുന്നത്.
ശുചിമുറി അടക്കമുള്ള മുറികള്‍, ഡോര്‍മെറ്ററി, അടുക്കള, റിസപ്ഷന്‍, വായനമുറി, ഡൈനിംഗ് സൗകര്യങ്ങള്‍ എന്നിവയാണ് ഷി ലോഡ്ജില്‍ ഉള്ളത്. കുടുംബശ്രീക്കായിരിക്കും നടത്തിപ്പ് ചുമതല എന്നും അന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്തത് എന്തെന്ന ചോദ്യത്തിന് ബന്ധപ്പെട്ടവര്ക്ക് മറുപടിയില്ല.
ഷി ലോഡ്ജിന് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ 33 ലക്ഷം രൂപയും, ജില്ലാപഞ്ചായത്തിന്റെ 25 ലക്ഷം രൂപയും, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വീതം 27 ലക്ഷം രൂപയും, അടക്കം ആകെ 85 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
2024-25 സാമ്പത്തിക വര്‍ഷം ഇതിന്റെ ഒന്നാം നില നിര്‍മ്മാണത്തിനായി 35 ലക്ഷം രൂപ കൂടി അനുവദിച്ചിരുന്നുവെങ്കിലും നിര്‍മ്മാണം നടക്കാത്തതിനാല്‍ തുക ലാപ്‌സായിരിക്കയാണ്.
ഷീ ലോഡ്ജിന്റെ പേരുപറഞ്ഞ് സമീപവാസിയെ പീഡിപ്പിക്കുന്നത് തുടരുന്നു.
ഷീ ലോഡ്ജ് വരുന്നു എന്ന പേരുപറഞ്ഞ് ബ്ലോക്ക് പഞ്ചായത്തിന് സമീപത്ത് 4 സെന്റ് ഭൂമിമാത്രമുള്ള ഒരു കുടുംബത്തെ പീഡിപ്പിക്കാനായി ബ്ലോക്ക്പഞ്ചായത്ത് ചുറ്റുമതില്‍ ക്രമാതീതമായി ഉയര്‍ത്തി കാറ്റും വെളിച്ചവും നിക്ഷേധിച്ചതിനെതിരെയുള്ള പരാതി നിലനില്‍ക്കുകയാണ്.
ഷീ ലോഡ്ജിന് സുരക്ഷിതത്വം നല്‍കാനാണ് മതില്‍ ഉയര്‍ത്തിയതെന്നാണ് ബ്ലോക്ക് പഞ്ചായത്ത് പരാതിക്ക് മറുപടി പറഞ്ഞിരുന്നത്.