അങ്കിത മോള്‍ 19 വര്‍ഷമായി ചലനശേഷിയില്ലാതെ കിടപ്പില്‍-ഉദാരമതികളുടെ സഹായത്തിനായി അഭ്യര്‍ത്ഥന.

ചെറുവത്തൂര്‍: കഴിഞ്ഞ 19 വര്‍ഷമായി മകള്‍ക്ക് വേണ്ടി മാത്രം ജീവിക്കുകയാണ് ഈ അച്ഛനും അമ്മയും.

2005 ല്‍ ജനിച്ച അങ്കിത മോള്‍ ആറാം മാസം മുതലാണ് ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായത്.

അന്നു മുതല്‍ രാധാകൃഷ്ണനും രമയും ജീവിതം മകള്‍ക്ക് വേണ്ടി മാറ്റിവെച്ചിരിക്കയാണ്.

വീഴ്ച്ചയോ മറ്റോ ആയിരിക്കാം ഇതിന് കാരണമെന്നാണ് മംഗളൂരു കെ.എം.സി ആശുപത്രിയിലെ വിദഗ്ദ്ധ ഡോകടര്‍മാര്‍ പറയുന്നത്.

പയ്യന്നൂര്‍ കോറോം സ്വദേശിയായ കിഴക്കേപുരയില്‍ രാധാകൃഷ്ണന്‍ ടെയിലറിംഗ് ജോലിക്കാരനായിരുന്നു.

മകളുടെ ചികില്‍സക്ക് പിറകെ ആയതോടെ ജോലിയില്ലാതായി.

പിന്നീട് റെഡിമെയ്ഡ് തുണിത്തരങ്ങളുടെ കടന്നുകയറ്റത്തോടെ ജോലി നാമമാത്രമായി ചുരുങ്ങിയതോടെ പയ്യന്നൂര്‍ പെരുമ്പ കെ.എസ്.ആര്‍.ടി.സിക്ക് മുന്നില്‍ ലോട്ടറി കച്ചവടം തുടങ്ങി.

മാസത്തില്‍ രണ്ട് തവണ മകളുമായി മംഗളൂരുവിലേക്ക് പോകേണ്ടതിനാല്‍ ലോട്ടറി കച്ചവടവും ഇല്ലാതായി.

2013 ല്‍ ഭാര്യയുടെ നാടായ മയിച്ചയിലെ നാല് സെന്റ്ഭൂമിയില്‍ നടന്‍ സുരേഷ്‌ഗോപി മുന്‍കൈയെടുത്ത് നിര്‍മ്മിച്ചു നല്‍കിയ ഗോപീഥം എന്ന കൊച്ചുവീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്.

ഈ വീടും സ്ഥലവും സഹകരണ ബാങ്കില്‍ പണയം വെച്ചാണ് രാധാകൃഷ്ണന്‍ ഇപ്പോള്‍ മകളെ ചികില്‍സിക്കുന്നന്നത്.

ആറുലക്ഷം രൂപ വായ്പയും അതിന്റെ പലിശയും തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് അധികൃതര്‍ വീട്ടിലെത്തി പണമടക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും തന്റെ നിസ്സഹായത വെളിപ്പെടുത്തി അവധി വാങ്ങുകയാണ് രാധാകൃഷ്ണന്‍.

പ്രതിമാസം 15,000 രൂപ മരുന്നിന് മാത്രമായി കണ്ടെത്തണം.

ഭാര്യ രമ തൊഴിലുറപ്പിന് പോയി ലഭിക്കുന്ന കൂലി മാത്രമാണ് ഈ കുടുംബത്തിന്റെ വരുമാന മാര്‍ഗം.

അന്നനാളം ഇല്ലാത്തതിനാല്‍ ട്യൂബ് വഴി മിക്‌സിയില്‍ അടിച്ചെടുത്താണ് അങ്കിതക്ക് കഞ്ഞി നല്‍കുന്നത്.

ഈ ട്യൂബ് മാറ്റുന്നതിന് തന്നെ ആഴ്ച്ചയിലൊരിക്കല്‍ 600 രൂപയാണ് ചെലവ് വരുന്നത്.

ചികില്‍സിച്ച് ഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും ജീവന്‍ നിലനിര്‍ത്താനായി മകളെ ചികില്‍സിക്കാതെ വയ്യെന്ന അവസ്ഥയിലാണ് രാധാകൃഷ്ണന്‍.

ഇവരുടെ ദയനീയാവസ്ഥ മനസിലാക്കി നാട്ടുകാര്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് അംഗം എം.മഞ്ജുഷ ചെയര്‍മാനായി ഒരു ചികില്‍സാ സഹായ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ അങ്കിതയുടെ ചികില്‍സക്കായി 004001001112(ഐ.എഫ്.എസ്.സി-ICIC0000103) എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

9744570209 (ഗൂഗിള്‍പേ). ഉദാരമതികള്‍ ഈ കുടുംബത്തെ സഹായിക്കണമെന്നാണ് ചികില്‍സാ സഹായ സമിതിയുടെ അഭ്യര്‍ത്ഥന.