ഭക്ഷണം ലഭിക്കാത്തതാണ് തെരുവ്നായ്ക്കള്‍ അക്രമകാരികളാവാന്‍ കാരണം-വേലിക്കാത്ത് രാഘവന്‍.
തളിപ്പറമ്പ്: ഭക്ഷണം ലഭിക്കാത്തതാണ് തെരുവ് നായ്ക്കള്‍ അക്രമാസക്തരാവാന്‍ കാരണമെന്ന് മൃഗക്ഷേമപ്രവര്‍ത്തകനും ആനിമല്‍ ആന്റ് ബേര്‍ഡ്സ് വെല്‍ഫേര്‍ ട്രസ്റ്റ് രക്ഷാധികാരിയുമായ വേലിക്കാത്ത് രാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കാലവര്‍ഷം രൂക്ഷമായതോടെ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
തെരുവ് നായ്ക്കള്‍ക്കും പക്ഷികള്‍ ഉള്‍പ്പെടയുള്ള ജീവികള്‍ക്കും ലഭിച്ചുകൊണ്ടിരുന്ന ഭക്ഷണം കൂടുതലും ഉപേക്ഷിക്കപ്പെടുന്ന മാലിന്യങ്ങളാണ്.
ഹരിതകര്‍മ്മസേന സജീവമാവുകയും ഹോട്ടല്‍ മാലിന്യങ്ങള്‍ പന്നിഫാം ഉടമകള്‍ ശേഖരിച്ച് കൊണ്ടുപോകുകയും ചെയ്തതോടെ ഇതിനെ ആശ്രയിച്ച് ജീവിക്കുന്ന മൃഗങ്ങളും പക്ഷികളും ദുരിതത്തിലായി.
ഇത് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ തെരുവ് നായ്ക്കള്‍ക്ക് ഷെല്‍ട്ടര്‍ നിര്‍മ്മിക്കണമെന്ന് തദ്ദേശഭരണസ്ഥാപനങ്ങളോട് നിര്‍ദ്ദേശിക്കുകയും ഇതിനുള്ള ഫണ്ട് അനുവദിച്ചതും.
എന്നാല്‍ ഇത് കാര്യക്ഷമമായി നടപ്പിലാക്കിയില്ല. ഭക്ഷണം ലഭിക്കാതിരുന്നാല്‍ നായ്ക്കള്‍ മാത്രമല്ല, മനുഷ്യരും അക്രമാസക്തരാവും.
അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ തെരുവ്നായ്ക്കളെ കൊല്ലണമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും വേലിക്കാത്ത് രാഘവന്‍ പറഞ്ഞു.
ശരിയായി ഭക്ഷണം ലഭിക്കുന്ന സ്ഥലത്ത് നായ്ക്കള്‍ ഒരുവിധ അക്രമവും കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
