അപകടകെട്ടിടം നിയമംലംഘിച്ച് അറ്റകുറ്റപ്പണി നടത്തുന്നത് നിര്‍ത്തിവെച്ചു.

തളിപ്പറമ്പ്: നിയമം ലംഘിച്ച് അപകടകെട്ടിടം അറ്റകുറ്റപ്പണി നടത്താനുള്ള നീക്കം നഗരസഭയും പൊതുമാരാമത്ത് വകുപ്പും ചേര്‍ന്ന് തടഞ്ഞു.

നഗരസഭ പൊളിച്ചു നീക്കാന്‍ നോട്ടീസ് നല്‍കിയ അപകടകെട്ടിടം കഴിഞ്ഞ ദിവസമാണ് അറ്റകുറ്റപ്പണി നടത്തി നിലനിര്‍ത്താന്‍ നീക്കം തുടങ്ങിയത്.

കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നഗരസഭക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

നഗരസഭയിലെ ചില ഭരണകക്ഷി കൗണ്‍സിലര്‍മാരുടെ ഒത്താശയോടെയാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്.

താലൂക്ക് വികസനസമിതിയില്‍ കെട്ടിടം അപകടാവസ്ഥയിലാണെന്നും പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കിയെന്നും നഗരസഭ രേഖാമൂലം അറിയിച്ചിരുന്നു.

ഇത് ലംഘിച്ചായിരുന്നു അറ്റകുറ്റപ്പണി ആരംഭിച്ചത്.

ദേശീയപാതയിലെ തിരക്കേറിയ നടപ്പാതപോലും തടഞ്ഞായിരുന്നു നിര്‍മ്മാണം.

വിവരമറിഞ്ഞ് തഹസില്‍ദാര്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, സി.പി.എം കൗണ്‍സിലര്‍ സി.വി.ഗിരീശന്‍ എന്നിവരുടെ ഇടപെടലിനെ തുടര്‍ന്നാണ് അറ്റകുറ്റപ്പണി നടത്താനുള്ള നീ്ക്കം നിര്‍ത്തിവെച്ചത്.