നന്ദകുമാര്‍ നമ്പ്യാരുടെ പ്രിയപ്പെട്ട തമ്പുരാന്‍-വയസ്-67, പക്ഷെ പുലിയാണ് കെട്ടാ-

തളിപ്പറമ്പ്: നിര്‍മ്മിതബുദ്ധിയുടെ പുതിയ കാലത്തും, പഴമയുടെ പ്രൗഡി മങ്ങാത്ത സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ കാറായ അംബാസിഡറിനെ നെഞ്ചോട് ചേര്‍ത്ത് നന്ദകുമാര്‍ നമ്പ്യാര്‍.

തളിപ്പറമ്പ് തമ്പുരാന്‍നഗര്‍ സ്വദേശിയായ നന്ദകുമാര്‍ മൂത്തേടത്ത് ഹൈസ്‌ക്കൂളിലെ റിട്ട. അദ്ധ്യാപകനും എന്‍.സി.സി ഓഫീസറുമായിരുന്ന  കുപ്പാടക്കത്ത് രാഘവന്‍നമ്പ്യാരുടെ മകനാണ്.

1958 ല്‍ പുറത്തിറങ്ങിയ കെ.എല്‍.ആര്‍-3768 നമ്പര്‍ കറുത്ത അംബാസിഡര്‍ കാറിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുകയാണിദ്ദേഹം.

പഴയ വാഹനങ്ങളോട് അടങ്ങാത്ത ഇഷ്ടമുള്ള നന്ദകുമാര്‍ 1960 ല്‍ പുറത്തിറങ്ങിയ ബുള്ളറ്റ് ബൈക്കും, 1962 ലെ വില്ലീസ് ജീപ്പും സ്വന്തമാക്കിയിട്ടുണ്ട്.

അംബാസിഡറിനോടുള്ള പ്രണയം മൂത്ത് നല്ലൊരു കാറിനുവേണ്ടി പല ഭാഗത്തും അന്വേഷണം നടത്തിയിരുന്നു.

ഒടുവില്‍ തൃശൂരില്‍ നിന്നാണ് 14 വര്‍ഷം മുമ്പ് കാര്‍ വാങ്ങിയത്. തമ്പുരാന്‍ എന്ന് പേരിട്ട ഒ.എച്ച്.വി(ഓവര്‍ ഹെഡഡ് വാള്‍വ്)സംവിധാനമുള്ള ഈ വണ്ടി ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് പുറത്തിറക്കിയ ഇത്തരത്തിലുള്ള  ഒന്‍പതാമത്തെ കാറാണ്.

2011 ല്‍ മോഹവിലയായ 2.75 ലക്ഷം രൂപ നല്‍കിയാണ് നന്ദകുമാര്‍ വാഹനം സ്വന്തമാക്കിയത്.

കാര്‍ വാങ്ങിയ ശേഷം  പഴയ പെട്രോള്‍ എഞ്ചിന്‍ മാറ്റി ഡീസല്‍ എഞ്ചിന്‍ ഘടിപ്പിക്കുകയും പവര്‍ സ്റ്റിയറിംഗ്, പവര്‍ വിന്‍ഡോ എന്നീ സംവിധാനങ്ങള്‍ പുതുതായി ഏര്‍പ്പെടുത്തുകയും ചെയ്തു.

ഇന്ത്യയില്‍ അംബാസിഡറിനെ വെല്ലുന്ന യാത്രാസുഖം നല്‍കുന്ന ഒരു കാര്‍ ഇല്ലെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

ഏറ്റവും ആധുനികമായ കാറുകളെ മറികടക്കുന്നതാണ് അംബാസിഡറിന്റെ പ്രകടനമെന്നും, ഇന്ത്യന്‍ റോഡുകളിലെ യാത്രക്ക് ഏറ്റവും നല്ലത് ഇത് തന്നെയാണെന്നും നന്ദകുമാര്‍ പറഞ്ഞു.

വേറെ വാഹനങ്ങള്‍ ഉണ്ടെങ്കിലും ഈ കാര്‍ വാങ്ങിയശേഷം പ്രധാന യാത്രകളെല്ലാം  അംബാസിഡറിലാണെന്നും, ഗട്ടറുകള്‍ നിറഞ്ഞ കേരളത്തിലെ ഇന്നത്തെ റോഡുകളില്‍ യാത്ര ചെയ്യുമ്പോള്‍ ഗട്ടര്‍ ഫീലിംഗ് കുറഞ്ഞ തോതില്‍ മാത്രമേ യാത്രക്കാരനെ ബാധിക്കുന്നുള്ളൂവെന്നും ഇദ്ദേഹം പറഞ്ഞു.

എത്ര അടുത്ത സുഹൃത്തുക്കള്‍ ചോദിച്ചാലും ഈ കാര്‍ ഓടിക്കാന്‍ കൊടുക്കാറില്ലെന്നും അക്കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണം നിലനിര്‍ത്തുന്നതിനാലാണ് പഴമയുടെ പുതുമ നിലനിര്‍ത്തി കാര്‍ കാത്തുസൂക്ഷിക്കാന്‍ കഴിയുന്നതെന്നും നന്ദകുമാര്‍ പറഞ്ഞു.

കാറിന്റെ പഴയ കേരള രജിസ്‌ട്രേഷന്‍ നിലനിര്‍ത്തിയാണ് നന്ദകുമാര്‍ അതിന്റെ പൗരാണിക ആഡംബരം കാത്തുസൂക്ഷിക്കുന്നത്.