തളിപ്പറമ്പിലെ വ്യാപാരത്തെ അറയില്‍ ഒതുക്കുമോ ചേമ്പര്‍–ആനുകാലിക സംഭവങ്ങളേക്കുറിച്ചുള്ള പ്രതികരണം- ചോദിക്കും- പറയും

തളിപ്പറമ്പിലെ വ്യാപാരമേഖലയില്‍ പുതുതായി ഒരു സംഘടന കൂടി നിലവില്‍ വന്നതായി പത്രങ്ങളിലൂടെ വ്യക്തമായി.
തളിപ്പറമ്പ് ചേമ്പര്‍ ഓഫ് കോമേഴ്‌സ് എന്ന പേരിലാണ് പുതിയ സംഘടന.

ഇതിന്റെ ഭാരവാഹികളില്‍ ചിലരെ ബന്ധപ്പെട്ടപ്പോള്‍ മനസിലായത് വാണിജ്യമണ്ഡലം എന്ന നിലവിട്ട് വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഉദ്ദേശിക്കുന്നതെന്നാണ്.

ഈ സംഘടനയുടെ ഭാരവാഹികളില്‍ ഭൂരിഭാഗവും നേരത്തെ തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷനില്‍ പ്രവര്‍ത്തിച്ചവരാണ്.

2024 നവംബറില്‍ തന്നെ രൂപീകരിക്കപ്പെട്ട ചേമ്പര്‍ സജീവമായത് ഈയടുത്ത നാളില്‍ ആണെന്ന് മാത്രം.

തളിപ്പറമ്പില്‍ മാത്രമല്ല, വ്യാപാരമേഖലയില്‍ കുത്തകകളുടെ കടന്നുകയറ്റം ഇന്ന് വലിയ ചര്‍ച്ചയാണ്.

വ്യാപാരമേഖലയില്‍ സംഘടനകള്‍ക്ക് പഞ്ഞമൊന്നുമില്ല.

പക്ഷെ, പ്രവര്‍ത്തനശേഷി തെളിയിക്കുക എന്നതാണ് പ്രധാനം.

നിലവില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനം
കാഴ്ച്ചവെക്കുന്ന സംഘടനയാണ് തളിപ്പറമ്പിലെ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍.

പ്രത്യേകിച്ച് തീപിടുത്തം ഏല്‍പ്പിച്ച ആഘാതത്തെ മറികടക്കാനുള്ള സജീവ പ്രയത്‌നത്തിലാണ് വ്യാപാരി വ്യവസായി സമിതി ഉള്‍പ്പെടെ എല്ലാവരും.

ചേമ്പര്‍ ഓഫ് കോമേഴ്‌സ് മര്‍ച്ചന്റ്‌സ് അസോസിയേഷന് ബദല്‍ അല്ലെന്ന് അതിന്റെ ഭാരവാഹികള്‍ പറയുന്നുണ്ടെങ്കിലും ലക്ഷ്യമിടുന്നത് ഒരു വ്യാപാരി ബദല്‍ എന്നതാണെന്ന് വ്യക്തമാണ്.

ചുരുക്കത്തില്‍ തളിപ്പറമ്പിലെ വ്യാപാരമേഖലയെ ഈ ചേമ്പര്‍ ഒരു അറയില്‍ ഒതുക്കുമോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.