പാളയാട്ടെ തോല്‍വി സി.പി.എമ്മിന്റെ നഗരഭരണമോഹം കെടുത്തി.

തളിപ്പറമ്പ്: മകന്‍ ചത്താലും മരുമകളുടെ കണ്ണീര് കണ്ടാല്‍ മതി എന്ന പഴയ അമ്മായിയമ്മക്കഥയാണ് പാളയാട്ടെ കോണ്‍ഗ്രസ് വിജയം വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്.

ഒരു വിഭാഗം സി.പി.എം പ്രവര്‍ത്തകര്‍ പിന്‍വലിഞ്ഞതും വോട്ടുചെയ്തവര്‍ തന്നെ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിക്കുകയും ചെയ്തതാണ് ഇവിടെ സി.പി.എം മോഹം നടക്കാതെ പോകാന്‍ കാരണമായത്.


ഉറച്ച സി.പി.എം പോസ്റ്റല്‍ വോട്ടുപോലും സി.പി.ഐ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചില്ല.

ഇതാണ് പാളയാട്ടെ സി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് വഴിവെച്ചത്.

ജില്ലാ നേതൃത്വം ഇടപെട്ട് നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ചകളൊന്നും തന്നെ ഇവിടെ അണികളിലേക്ക് എത്തിയില്ല.

പി.പി.വല്‍സലക്ക് 460 വോട്ടും എല്‍.ഡി.എഫിലെ ഷൈജ സുനോജിന് 198 വോട്ടും ബി.ജെ.പിക്ക് 55 വോട്ടുകളുമാണ് ലഭിച്ചത്.

262 വോട്ടാണ് ഭൂരിപക്ഷം. മുന്‍ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ വാര്‍ഡിനെ തന്റെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചതും പാളയാട് പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഉള്‍പ്പെടയുള്ള വികസന പ്രവര്‍ത്തനങ്ങളും വോട്ടായി മാറിയതിനോടൊപ്പം സി.പി.എം-സി.പി.ഐ വിഭാഗീയതയും ചേര്‍ന്നപ്പോള്‍ വല്‍സലക്ക് അനായാസ വിജയവും മികച്ച ഭൂരിപക്ഷവും ലഭിച്ചു.

ഈ വാര്‍ഡില്‍ കേരളാ കോണ്‍ഗ്രസ്(എം)ന് ഉണ്ടായിരുന്ന വോട്ടുകള്‍ പോലും നേതൃത്വം മനസാക്ഷി വോട്ടുകള്‍ക്ക് അനുമതി നല്‍കിയതോടെ യു.ഡി.എഫിലേക്ക് പോയി.

തളിപ്പറമ്പ് നഗരസഭ, പരിയാരം, കുറുമാത്തൂര്‍, പട്ടുവം പഞ്ചായത്തുകളിലും കേരളാ കോണ്‍ഗ്രസ് (എം)വോട്ടുകള്‍ വഴിമാറി.

30 വര്‍ഷത്തിന് ശേഷം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് പക്ഷത്തേക്ക് പോയതിന് പിന്നിലും കേരളാ കോണ്‍ഗ്രസ് വോട്ടുകളുടെ വഴിമാറല്‍ കാരണമായിട്ടുണ്ട്.

പരിയാരം പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ് (എം)ഒരു സീറ്റിന് ആവശ്യപ്പെട്ടപ്പോല്‍ നിങ്ങള്‍ക്ക് പാലായിലും കോട്ടയത്തുമൊക്കെ സീറ്റില്ലേ, അത് പോരേ എന്ന് പറഞ്ഞ് അധിക്ഷേപിക്കാനും പരിയാരത്ത് തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ പാര്‍ട്ടിനേതാവ് പറഞ്ഞതായി കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ചിലര്‍ക്ക് ചിലരോടുള്ള വ്യക്തിപരമായ വിദ്വേഷങ്ങള്‍ മാറ്റിവെച്ചിരുന്നുവെങ്കില്‍ പാളയാട് വാര്‍ഡില്‍ ഇത്തവണ സി.പി.ഐ സ്ഥാനാര്‍ത്ഥി വിജയിക്കുമായിരുന്നു.

ഇതോടെ ഇരുപക്ഷത്തും 16 വീതം സീറ്റുകള്‍ ലഭിച്ചാല്‍ സി.പി.എമ്മിന് അധികാരം പോലും ലഭിക്കുമായിരുന്നു. ആ സുവര്‍ണാവസരമാണ് തമ്മിലടിച്ച് നശിപ്പിച്ചത്.