ജോലി വേണോ– മെഗാ ജോബ് ഫെയര്‍ 2022ലേക്ക് രജിസ്റ്റര്‍ ചെയ്യാം

 

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 2022 ജനുവരി 14ന് നടക്കുന്ന മെഗാ ജോബ് ഫെയര്‍ 2022 ലേക്ക് തൊഴിലന്വേഷകര്‍ക്ക് ജനുവരി 10 വരെ രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ 1800ഓളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവിധ യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. statejobportal.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കാളികളാകാം. ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തിലാണ് കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജില്‍ മേള സംഘടിപ്പിക്കുന്നത്.

രജിസ്റ്റര്‍ ചെയ്യേണ്ട രീതി :

statejobportal.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ എന്ന ടാബ് ക്ലിക്ക് ചെയ്ത് Register As Job Seeker എന്നതില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് എന്നിവ ചേര്‍ത്ത് രജിസ്റ്റര്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ കൊടുത്ത മൊബൈല്‍ നമ്പറിലേക്ക് ഒ.ടി.പി വരുന്നതാണ്. അത് സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ ഇമെയില്‍ വിലാസത്തിലേക്ക് യൂസര്‍നെയിമും പാസ്വേഡും ലഭിക്കും. അത് വച്ച് ലോഗിന്‍ ചെയ്ത് നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും മറ്റും നല്‍കുക. ശേഷം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുക. വെബ്‌സൈറ്റില്‍ ജോബ് ഫെയര്‍ സെഷന്‍ ക്ലിക്ക് ചെയ്താല്‍ കണ്ണൂര്‍ മെഗാ ജോബ് ഫെയര്‍ ഒഴിവുകള്‍ കാണാന്‍ കഴിയും. ഇതില്‍ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചുള്ള ജോലി ഒഴിവുകള്‍ നോക്കി അപേക്ഷിക്കുക.

നിയമാവലി:

ഒരാള്‍ക്ക് അഞ്ച് കമ്പനി ഒഴിവുകള്‍ മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. ജനുവരി 10 വരെയാണ് അപേക്ഷിക്കാനുള്ള അവസാന സമയം. രജിസ്റ്റര്‍ ചെയ്ത ഇമെയിലിലേക്കും മൊബൈല്‍ നമ്പറിലേക്കും ജനുവരി 10നു ശേഷം ഹാള്‍ടിക്കറ്റ് വരും. ഈ ഹാള്‍ടിക്കറ്റ് പ്രിന്റ് ചെയ്ത് വരുന്നവരെ മാത്രമേ ജോബ് ഫെയറിലേക്ക് വരാന്‍ അനുവദിക്കൂ. ഹാള്‍ടിക്കറ്റില്‍ പറഞ്ഞ സമയത്തിന് 15 മിനുട്ട് മുമ്പ് മാത്രം സ്ഥലത്ത് എത്തിച്ചേരുക. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സ്‌പോട്ട് രജിസ്‌ട്രേഷന്‍ സംവിധാനം ഉണ്ടാകുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് സമയം 9048778054 എന്ന നമ്പറില്‍ ബന്ധപ്പെടുക.