കൊവിഡ് വ്യാപനം: നിയന്ത്രണങ്ങള്‍ കടുകടുപ്പിക്കും, ജാഗ്രതാ നിര്‍ദ്ദേശം

കണ്ണൂര്‍: കൊവിഡ് വ്യാപനം ഏറി വരുന്ന സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയ്ക്ക് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 30% കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവെക്കണമെന്ന് ജില്ലാ ദുരന്തനിവാരണ സമിതി യോഗം നിര്‍ദ്ദേശിച്ചു.

ജില്ലാ കലക്ടര്‍ എസ.ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിന്റേതാണ് തീരുമാനം. ജില്ലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയതായി ഡിഎംഒ അറിയിച്ചു.

നിയന്ത്രണങ്ങളുടെ ഭാഗമായി സെക്ടറല്‍ മജിസ്‌ട്രേറ്റ് സംവിധാനം ശക്തിപ്പെടുത്തും. പൊതുപരിപാടികളില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കും. ഇക്കാര്യം ജനുവരി 15 ന് ചേരുന്ന ജില്ലാ ആസൂത്രണ സമിതി യോഗം പ്രത്യേകം ചര്‍ച്ച ചെയ്യും.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അധികം വേണ്ടവരെ ജില്ലാ ദുരന്തനിവാരണ സമിതി വഴി നിയമിക്കും.

ഇത് സംബന്ധിച്ച എച്ച് ആര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ഡി.എം ഒ യെ ചുമതലപ്പെടുത്തി. ജില്ലയില്‍ ആവശ്യത്തിന് വാക്‌സിന്‍ കരുതല്‍ശേഖരം ഉള്ളതായി ആര്‍ സി എച്ച് ഓഫീസര്‍ അറിയിച്ചു.

വ്യാഴാഴ്ച മുതല്‍ സ്‌പോട്ട് ബൂസ്റ്റര്‍ വാക്‌സിനേഷന്‍ നടത്തുമെന്നും അവര്‍ പറഞ്ഞു.

ബി പി എല്‍ പെന്‍ഷന്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഉടന്‍ അയക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ മറ്റ് സമിതി അംഗങ്ങള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.