അടിയന്തരാവസ്ഥക്കാലത്തേക്കാള്‍ ഭീകരമാണ് ഇന്നത്തെ കാലം: ഡോ.എസ്.കെ.മാധവന്‍, അടിയന്തിര മൊട്ടകള്‍ 51-ാം വാര്‍ഷിക ദിനത്തില്‍ ഒത്തുചേര്‍ന്നു.

 

തളിപ്പറമ്പ്: അടിയന്തരാവസ്ഥക്കാലത്തേക്കാള്‍ ഭീതിദമായ ഒരു കാലഘട്ടത്തിലൂടെയാണ് വര്‍ത്തമാനകാല ഇന്ത്യ കടന്നുപോകുന്നതെന്നും അതിനെതിരെ ചെറുത്ത്‌നില്‍പ്പ് അനിവാര്യമാണെന്നും പരിവര്‍ത്തനവാദി കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടെറി ഡോ.എസ്.കെ.മാധവന്‍.

അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധിച്ചതിന് പോലീസ് സ്‌റ്റേഷനില്‍ വച്ച് മൊട്ടയടിശിക്ഷക്ക് വിധേയരായ 19 വിദ്യാര്‍ത്ഥി നേതാക്കളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എസ്.ജോസഫ് അധ്യക്ഷത വഹിച്ചു. കൂട്ടമൊട്ടയടിയുടെ 51-ാം വാര്‍ഷികദിനത്തിലാണ് അടിയന്തിര മൊട്ടകള്‍ ഇന്നലെ തളിപ്പറമ്പ് റിക്രിയേഷന്‍  ഹാളില്‍ ഒത്തുചേര്‍ന്നത്.

കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ താമസമുറപ്പിച്ചവരാണ് മൊട്ടയടിയുടെ 51-ാം വാര്‍ഷികത്തിനായി തളിപ്പറമ്പിലെത്തിയത്. 

1975 ജൂലായ് 11 ന് തളിപ്പറമ്പ് പഴയ പോലീസ് സ്റ്റേഷനില്‍ വെച്ചാണ് ഇവര്‍ മൊട്ടയടി ശിക്ഷക്ക് വിധേയരായത്.

അടിയന്തിരാവസ്ഥക്കെതിരെ കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ആദ്യത്തെ പ്രതിഷേധമായിരുന്നു തളിപ്പറമ്പിലേത്.

പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളില്‍ പെട്ട 19 പേരെയാണ് സമരം ചെയ്തതിന് സര്‍ സയ്യിദ് കോളേജില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ഇതില്‍ ഒരാള്‍ മരണപ്പെട്ടു. ബാക്കി 18 പേരും മരണപ്പെട്ടയാളുടെ ഭാര്യയും കൂട്ടായ്മയില്‍ പങ്കെടുത്തു.

പി.എസ്.ജോസഫ്, വി.ജെ.സ്‌കറിയ, കെ.ജയരാജന്‍, പി.കെ.വിജയന്‍ തലശേരി, ജോസ് ചുക്കനാനി, കെ.സുനില്‍കുമാര്‍, മധുസൂതനന്‍, ജനാര്‍ദ്ദനന്‍ പരിയാരം, ജോര്‍ജ് ജോസഫ്, കെ.ജെ.ജോണ്‍, ടി.ഡി.സെബാസ്റ്റിയന്‍, റഫീഖ്, സിറിയക് മാത്യു, ടി.വി.ജോണ്‍, തോമസ് മാനുവല്‍, ജോണ്‍ ആന്റണി, പി.പി.രമേശന്‍, കെ.എ.മാത്യു, മരണപ്പെട്ട രാജന്‍ തലവിലിന്റെ ഭാര്യ പി.പി.ഭവാനി എന്നിവരാണ് ഇന്നത്തെ പരിപാടിയില്‍ പങ്കെടുത്തത്.

ഈ സംഭവത്തെപറ്റി 19 മൊട്ടകള്‍ എന്ന പേരില്‍ കഥയെഴുതിയ പ്രമോദ് കൂവേരിയും ചടങ്ങില്‍ പങ്കെടുത്തു. 

കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കേരളാ സ്റ്റുഡന്റ് കോണ്‍ഗ്രസിലെ(കെ.എസ്.സി)ഏഴുപേര്‍, കോണ്‍ഗ്രസ് പരിവര്‍ത്തനവാദി വിഭാഗത്തിലെ അഞ്ചുപേര്‍, എസ് എഫ് ഐക്കാരായ ആറുപേരും ഒരു സംഘടനയിലും അംഗമല്ലാത്ത മറ്റൊരാളും ഇക്കൂട്ടത്തില്‍ പെടുന്നു.

അന്നത്തെ എസ്.ഐ അബൂബക്കറാണ് പ്രിന്‍സിപ്പാളിന്റെ ഓഫീസ് ഉപരോധിച്ചതിന് തങ്ങളെ അറസ്റ്റ് ചെയ്തതെന്ന് മാധ്യമ പ്രവര്‍ത്തകനും പരിവര്‍ത്തനവാദി വിദ്യാര്‍ത്ഥി വിഭാഗം നേതാവുമായിരുന്ന കെ.സുനില്‍കുമാര്‍ പറയുന്നു.

കൂട്ടത്തിലുള്ളവര്‍ പലരും പ്രീഡിഗ്രിക്കാരാണ്. ഇവരെ സ്റ്റേഷനിലെത്തിക്കുമ്പോള്‍ തലേന്ന് അറസ്റ്റ് ചെയ്യപ്പെട്ട, അന്ന് പരിവര്‍ത്തനവാദി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന ഇന്നത്തെ പ്രകൃതി ചികില്‍സാ വിദഗ്ദ്ധന്‍ ഡോ.എസ്.കെ.മാധവന്‍ സ്റ്റേഷനിലുണ്ടായിരുന്നു.

തൃച്ചംബരത്ത് മരണപ്പെട്ട ഒരു പോലീസുകാരന്റെ വീട്ടിലെത്തിയ അന്നത്തെ അവിഭക്ത കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ജോസഫ് തോമസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞതെന്ന് സുനില്‍കുമാര്‍ പറയുന്നു.

വിദ്യാര്‍ത്ഥികളെ വസ്ത്രം ധരിക്കാനനുവദിച്ചതിന് എസ് ഐയെ ചീത്തവിളിച്ച എസ്.പി. എസ്.കെ.മാധവന്റെ കഴുത്തില്‍ മര്‍ദ്ദിക്കുകയും ചെയ്തു.

എസ്.പി.പോയതിന് ശേഷമാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പോലീസുകാര്‍ കാര്യങ്ങള്‍ നടത്തിയത്.

മുഴുവന്‍ വിദ്യാര്‍ത്ഥികളേയും അടിവസ്ത്രത്തിലാക്കി മൊട്ടയടിപ്പിച്ച ശേഷം അര്‍ദ്ധ നഗ്‌നരാക്കി മഴയില്‍ തളിപ്പറമ്പ് നഗരത്തിലൂടെ ഓടിക്കുകയായിരുന്നു.

എസ്.കെ.മാധവന്‍, കെ.പി.ജയരാജന്‍, വി.ജെ.സ്‌കറിയ എന്നിവരെ ഡി.ഐ.ആര്‍ പ്രകാരം ജയിലിലടക്കുകയും ചെയ്തു. 

കൂട്ടായ്മയുടെ കണ്‍വീനറായി വി.ജെ.സ്‌കറിയയേും ജോ.കണ്‍വീനറായി കെ.പി.ജയരാജനേയും തെരഞ്ഞെടുത്തു.