യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു.
കോട്ടയം: യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷന് മുന്നിലാണ് സംഭവം.
വിമലഗിരി സ്വദേശി ഷാന്‍ബാബുവാണ് കൊല്ലപ്പെട്ടത്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട കെ.ടി ജോമോന്‍ എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിട്ടുണ്ട്.
പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. പ്രതി കെ.ടി ജോമോന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
ഇയാള്‍ യുവാവിന്റെ മൃതദേഹവുമായി ഈസ്റ്റ് പോലീസ് സ്‌റ്റേഷന് മുന്നിലേക്ക് എത്തുകയായിരുന്നു.
താന്‍ ഒരാളെ കൊലപ്പെടുത്തിയെന്നും അയാള്‍ മറ്റൊരു ഗുണ്ടാ സംഘത്തിലെ അംഗമാണെന്നും പോലീസിനോട് പറഞ്ഞ ശേഷം ജോമോന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
പോലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടി. കൊല്ലപ്പെട്ട ഷാന്‍ ബാബുവിനെതിരെ കേസുകളൊന്നും നിലവിലില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.
നഗരത്തിലെ ഗുണ്ടകള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്.
സമീപകാലത്ത് കോട്ടയം നഗരത്തില്‍ ഗുണ്ടാ സംഘങ്ങളുടെ ആക്രമണങ്ങള്‍ വ്യാപകമായതായി പരാതിയുണ്ടായിരുന്നു.