തിരുനെറ്റിക്കല്ല്: മഞ്ഞില്‍ വിരിയുന്ന കാഴ്ചവസന്തം

ജോസ്ഗിരി: കോടമഞ്ഞില്‍ മൂടിപ്പുതച്ച് മേഘപാളികളെ തൊട്ടുരുമ്മിയുറങ്ങുന്ന മലനിരകള്‍.

ഉള്ളം കുളിര്‍പ്പിക്കുന്ന തണുത്ത കാറ്റ്. മഞ്ഞ് പുതപ്പിനെ വകഞ്ഞു മാറ്റി പുറത്തേക്ക് തെറിക്കുന്ന നേര്‍ത്ത സൂര്യവെളിച്ചപ്പൊട്ടുകള്‍.

കണ്ണൂരിന്റ കിഴക്കന്‍ മലയോരത്തേക്ക് വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ് ജോസ്ഗിരിയിലെ തിരുനെറ്റിക്കല്ല്.

ചെറുപുഴയില്‍ നിന്നും 19 കിലോമീറ്റര്‍ അകലെ. തളിപ്പറമ്പ് നിന്ന് ആലക്കോട് ഉദയഗിരി വഴിയും ഇവിടെയെത്താം. ജോസ്ഗിരിയില്‍ നിന്നും രണ്ടര കിലോമീറ്റര്‍ മാറി കര്‍ണാടക അതിര്‍ത്തിയിലാണ് തിരുനെറ്റിക്കല്ല്.

ബസിലോ സ്വകാര്യ വാഹനത്തിലോ വരുന്നവര്‍ ജോസ് ഗിരിയില്‍ ഇറങ്ങണം. പിന്നീട് കാല്‍നടയായോ ജീപ്പിലോ ചെങ്കുത്തായ കയറ്റം താണ്ടി തിരുനെറ്റിക്കല്ലിലേക്ക് എത്താം.

അല്‍പ്പം സാഹസികതയും ഓഫ് റോഡ് യാത്രയും ആസ്വദിക്കുന്നവര്‍ക്ക് ബൈക്കിലും ലക്ഷ്യസ്ഥാനത്ത് എത്താവുന്നതാണ്.

സമുദ്രനിരപ്പില്‍ നിന്നും 2300 അടി ഉയരത്തിലാണ് ഈ മനോഹാരിത.

സ്വര്‍ണ നിറത്തില്‍ തിളങ്ങുന്ന പുല്‍മേട്ടില്‍ അതിരാണിപ്പൂക്കള്‍ക്കൊപ്പം ചിരിച്ചു നില്‍ക്കുന്ന നിരവധി കുഞ്ഞു പൂക്കളും ഔഷധച്ചെടികളും കാണാം.

മുഖാമുഖം നില്‍ക്കുന്ന കൂറ്റന്‍ പാറകള്‍ക്ക് നടുവില്‍ വലിയ ഉരുളന്‍ കല്ല്. ഈ പാറക്കൂട്ടങ്ങളിലേക്ക് അലിഞ്ഞിറങ്ങൂന്ന കോടമഞ്ഞാണ് ഏറ്റവും വലിയ ആകര്‍ഷണം.

കരിമ്പാറപ്പുറത്ത് ചാടിക്കയറാന്‍ ഏണിയും നെറുകയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കുരിശുമല കയറി വന്ന വിശ്വാസികള്‍ സ്ഥാപിച്ച കുരിശുമുണ്ട്.

ഇളം കാറ്റും ചാറ്റല്‍ മഴയും തിരുനെറ്റിക്കല്ലിന്റെ ദൃശ്യഭംഗിക്ക് കൂടുതല്‍ മിഴിവേകുന്നതാണ്.

ഏതു കാലാവസ്ഥയിലും ഇവിടം വിസ്മയക്കാഴ്ചകളാല്‍ സമ്പന്നമാണ്.

തിരുനെറ്റിക്കല്ലിന്റെ തിരുനെറ്റിയില്‍ നിന്നാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പട്ടണങ്ങള്‍, കിഴക്കന്‍ മലയോര ഗ്രാമങ്ങള്‍, കര്‍ണാടക വനം, തലക്കാവേരി സ്ഥിതിചെയ്യുന്ന കുടകിലെ ബാഗമണ്ഡലം

പ്രദേശങ്ങള്‍ എന്നിവയും ടിപ്പുസുല്‍ത്താന്‍ കേരളത്തിലേക്ക് കടന്നു വരാന്‍ ഉപയോഗിച്ച വഴിയെന്ന് കരുതുന്ന കക്കപ്പുഴ ഭാഗത്തെ മുറിക്കിടങ്ങും കാണാം.

19 ഏക്കറോളമുള്ള ഈ പ്രദേശം ചെറുപുഴ, ഉദയഗിരി പഞ്ചായത്തുകളിലായാണ് സ്ഥിതി ചെയ്യുന്നത്.

തിരുനെറ്റിക്കല്ലിന്റെ വിശേഷങ്ങളും സാഹസികതയുമൊക്കെ കേട്ടറിഞ്ഞ് ജില്ലയ്ക്കകത്തും പുറത്തു നിന്നുമായി നിരവധി പേരാണ് എത്തുന്നത്.

സഞ്ചാരികള്‍ക്ക് ഇവിടെ ഹോം സ്‌റ്റേ, ഭക്ഷണം, ടെന്റ് ഹൗസ് സംവിധാനങ്ങളും ലഭിക്കും.

വിനോദ സഞ്ചാരികള്‍ക്കായി ഹോം സ്‌റ്റേകളിലൂടെ പ്രദേശവാസികള്‍ക്ക് മികച്ച വരുമാനം കണ്ടെത്താനാകുമെന്ന് ചെറുപുഴ പഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്‌സാണ്ടര്‍ പറയുന്നു.

സഞ്ചാരികള്‍ക്കായി ഗതാഗത സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ സംയുക്തമായി നടപ്പാക്കാനൊരുങ്ങുകയാണ് ഇരുപഞ്ചായത്തുകളും.

കൊവിഡ് കാലാനന്തരം വിനോദ സഞ്ചാര മേഖല സജീവമാകുമ്പോള്‍ വികസനം അത്രകണ്ട് എത്തിയിട്ടില്ലാത്ത കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയ്ക്ക് പുത്തന്‍ സാധ്യതകളും ഊര്‍ജ്ജവും നല്‍കുകയാണ് ഈ കുന്നിന്‍ പ്രദേശം.