കണ്ണൂര്‍: തോട്ടടയില്‍ ബോംബ് പൊട്ടി ഒരു യുവാവ് കൊല്ലപ്പെടാനിടയായ സംഭവത്തിലേക്ക് നയിച്ചത് തലേദിവസം കല്ല്യാണവീട്ടിലുണ്ടായ തര്‍ക്കങ്ങളെന്ന് നിഗമനം.
ശനിയാഴ്ച രാത്രി തോട്ടടയിലെ കല്ല്യാണവീട്ടില്‍ പാട്ട് വെയ്ക്കുന്നതിനെച്ചൊല്ലി യുവാക്കള്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു.
ഇതിന്റെ പകയാണ് ബോംബ് കൊണ്ടുവന്ന് ആക്രമിക്കുന്നതിലേക്ക് നീങ്ങിയതെന്നാണ് സംശയിക്കുന്നത്.
സംഭവത്തെക്കുറിച്ച് പ്രദേശവാസിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ രവിയുടെ പ്രതികരണം ഇങ്ങനെ-
”ഏച്ചൂരില്‍നിന്ന് വന്ന സംഘവും മറ്റൊരു സംഘവും കഴിഞ്ഞദിവസം രാത്രി വിവാഹവീട്ടില്‍വെച്ച് തര്‍ക്കമുണ്ടായി. പാട്ട് വെയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. ഒരുകൂട്ടര്‍ പാട്ട് വെക്കരുതെന്ന് പറഞ്ഞപ്പോള്‍ മറ്റൊരു കൂട്ടര് പാട്ട് വെയ്ക്കുമെന്ന് പറഞ്ഞു. പാട്ട് വെച്ചതോടെ ഇവര്‍ തമ്മില്‍ കൈയാങ്കളിയും അടിയും നടന്നു. അന്നേരം അവിടെയുണ്ടായിരുന്ന നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ പിടിച്ചുമാറ്റി. ആ പ്രശ്നമൊക്കെ അപ്പോള്‍ ഒതുക്കിയതാണ്. പിന്നീട് ആരും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് രാവിലെ ഇവര്‍ ഒരു ഗ്യാങ്ങായി ഒരേ ഡ്രസില്‍ കല്ല്യാണവീട്ടില്‍ വന്നിരുന്നു. അത് ഞങ്ങളെല്ലാം കണ്ടതാണ്. വിവാഹചടങ്ങിന് പോയി തിരിച്ചുവരുമ്പോളും അവരുണ്ടായിരുന്നു. ഞാന്‍ ചെറുക്കന്റെ അച്ഛന്റെ കൂടെ നേരത്തെ പോന്നു. പിന്നീട് ചൊവ്വയ്ക്ക് പോയി ഇവിടേക്ക് വരുമ്പോഴാണ് ഒരേ പോലെ വസ്ത്രം ധരിച്ച ചെറുപ്പക്കാര്‍ ഓടുന്നത് കണ്ടത്. ഓടടാ ഓടടാ എന്നുപറഞ്ഞ് ഒച്ചവെച്ചുകൊണ്ടാണ് അവര്‍ ഓടിയിരുന്നത്. റോഡില്‍ ഒരു വണ്ടിയുണ്ടായിരുന്നു. എടുക്കെടാ വണ്ടി എന്ന് പറഞ്ഞ് ഇവരെല്ലാം ആ വണ്ടിയില്‍ കയറി. ഒരു വെളുത്ത നിറത്തിലുള്ള ട്രാവലര്‍ ആയിരുന്നു. 18ഓളം പേരുണ്ടായിരുന്നു അവര്‍. പെട്ടെന്ന് തന്നെ അവര്‍ വണ്ടി എങ്ങനെയൊക്കെയോ തിരിച്ച് വേഗം രക്ഷപ്പെട്ടു. അത് കഴിഞ്ഞ് ഞാന്‍ റോഡിലെത്തിയപ്പോള്‍ രണ്ടാളുകള്‍ കാറിലിരുന്ന് കരയുന്നതും ഒരാളെ അതില്‍ കൊണ്ടുപോകുന്നതുമാണ് കണ്ടത്. എന്താ സംഭവമെന്ന് ചോദിച്ചപ്പോള്‍ ബോംബേറാണെന്ന് പറഞ്ഞു. അപ്പോള്‍ കാര്‍ വേഗം വിട്ടു. ആസമയം വന്ന ബൈക്കില്‍ കയറി കല്ല്യാണവീടിന് സമീപത്തേക്ക് വന്നു. അപ്പോഴാണ് തലയില്ലാത്ത നിലയില്‍ റോഡില്‍ മൃതദേഹം കാണുന്നത്. ഭീകരമായിരുന്നു ആ കാഴ്ച. എല്ലാവരും അപ്പുറത്തും ഇപ്പുറത്തും നോക്കിനില്ക്കുന്നു എന്നല്ലാതെ ആരും ഇടപെടുന്നില്ല. ഞാന്‍ ഉടനെ പോലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരം പറഞ്ഞു. ഉച്ചയ്ക്ക് 2.20ഓടെയായിരുന്നു ഈ സംഭവമെല്ലാം. നീല ഷര്‍ട്ടും മുണ്ടും ആയിരുന്നു എല്ലാവരും ധരിച്ചിരുന്നത്. ആ കാഴ്ച ഭീകരമായിരുന്നു. തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. തലയുടെ ഭാഗമൊക്കെ ദൂരേക്ക് തെറിച്ചിരുന്നു. പിന്നെ ഞാന്‍ അങ്ങോട്ടേക്ക് നോക്കിയിട്ടില്ല” അദ്ദേഹം പറഞ്ഞു.