സ്ത്രീധനമേ വേണ്ട; ജില്ലാതല ഡിബേറ്റ് മത്സരത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍

കണ്ണൂര്‍: സ്ത്രീധന സമ്പ്രദായത്തോട് മുഖംതിരിച്ച് സ്ത്രീധനമേ വേണ്ടായെന്ന നിലപാടുമായി കോളേജ് വിദ്യാര്‍ഥികള്‍.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീധന സമ്പ്രദായംഅനാചാരം എന്ന വിഷയത്തില്‍ നടത്തിയ ജില്ലാതല ഡിബേറ്റ് മത്സരത്തിലാണ് വിദ്യാര്‍ഥികള്‍ പ്രതികരിച്ചത്.

ജില്ലാ സ്‌പോര്‍ട്‌സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ.ചന്ദ്രശേഖര്‍ മത്സരം ഉദ്ഘാടനം ചെയ്തു.

ഒന്നാം സ്ഥാനക്കാരായും മികച്ച ടീമായും മാത്തില്‍ ഗുരുദേവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് തെരഞ്ഞെടുക്കപ്പെട്ടു.

ചെറുപുഴ നവജ്യാതി കോളേജിലെ പി.ബി.ശ്രുതി മോളാണ് മികച്ച ഡിബേറ്റര്‍.

രണ്ടാം സ്ഥാനം ഇരിട്ടി മഹാത്മഗാന്ധി കോളേജും മൂന്നാം സ്ഥാനം ചെറുപുഴ നവജ്യോതി കോളേജും നേടി.

വനിത ശിശു വികസന വകുപ്പ് നടത്തുന്ന ബോധവത്കരണ പരിപാടിയുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ജന്‍ഡര്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഡിബേറ്റ് മത്സരം നടത്തുന്നത്.

മാര്‍ച്ച് രണ്ട്, മൂന്ന് തീയ്യതികളില്‍ കോളേജ് തലത്തില്‍ നടത്തിയ മത്സരത്തില്‍ വിജയിച്ച ടീമുകളാണ് ജില്ലാതലത്തില്‍ മാറ്റുരയ്ക്കാനെത്തിയത്.

മട്ടന്നൂര്‍ പഴശ്ശിരാജ എന്‍ എസ് എസ് കോളേജ, ഇരിട്ടി മഹാത്മഗാന്ധി കോളേജ് എന്നിവയാണ് മാറ്റുരച്ച മറ്റുടീമുകള്‍.

ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുള്ള അഞ്ച് പേരടങ്ങുന്നതാണ് ഒരു ടീം.

സംസ്ഥാനതല മത്സരം മാര്‍ച്ച് ഏഴിന് തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ നടക്കും.

ഇവിടെ നിന്നും ജയിക്കുന്ന രണ്ട് ടീമുകളാണ് മാര്‍ച്ച് എട്ടിന് നടക്കുന്ന ഫൈനലില്‍ പങ്കെടുക്കുക.

റിട്ട. വെല്‍ഫെയര്‍ ഓഫീസര്‍ കെ.സൂര്യ, കമ്പില്‍ അക്ഷര കോളേജ് പ്രിന്‍സിപ്പല്‍ കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ യുവജന ക്ഷേമ ബോര്‍ഡ് ഓഫീസര്‍ കെ.പ്രസീത എന്നിവര്‍ വിധികര്‍ത്താക്കളായി.

മാതൃഭൂമി ലീഡര്‍ റൈറ്റര്‍ കെ.ബാലകൃഷ്ണന്‍ മോഡറേറ്ററായിരുന്നു. വനിത ശിശു വികസന ഓഫീസര്‍ ഡീന ഭരതന്‍, വനിത ക്ഷേമ ഓഫീസര്‍ എം.സി.സീനിയമോള്‍ എന്നിവര്‍ പങ്കെടുത്തു.