സുഹറാബിയോട് ഡി.ടി.പി.സി കരുണ കാട്ടുമോ–

(കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ്-തലശേരി ബ്യൂറോ)

മുഴപ്പിലങ്ങാട്:  ഡ്രൈവ് ഇന്‍ ബീച്ചില്‍ ചെറുകിട സ്റ്റാളുകള്‍ അനുവദിക്കുന്നതില്‍ അധികൃതര്‍ അവഗണന കാട്ടുന്നതായി ആക്ഷേപം.

വര്‍ഷങ്ങളായി കടല്‍തീരത്ത് കച്ചവടം നടത്തി കുടുംബം പുലര്‍ത്തുന്നവര്‍ക്ക് ലൈസന്‍സ് നല്കാതെ ചിലര്‍ക്ക് മാത്രം അനുമതി കൊടുക്കുന്നുണ്ടെന്നും അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

വിവിധ കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളാണ് ഇവരെല്ലാമെന്നത് അംഗീകാരത്തിന് പരിഗണിക്കുന്നില്ല.

ആറ് വര്‍ഷം മുമ്പെ ചെറിയ സ്റ്റാള്‍ തുടങ്ങാന്‍ രണ്ട് പ്രാവശ്യം കൊടുത്ത അപേക്ഷയും ഫയലില്‍ കാണാനില്ലെന്ന ഡി.ടി.പി.സിയുടെ മറുപടി കേട്ട് മൂന്നാം തവണയും അപേക്ഷ കൊടുത്ത് കാത്തിരിക്കുന്ന സുഹറാബി എന്ന വീട്ടമ്മ പരാതിക്കാരില്‍ ഒരാളാണ്.

. ബീച്ചില്‍ അഞ്ച് വര്‍ഷത്തിലേറെ കച്ചവടം ചെയ്ത പിതാവിന്റെ മരണശേഷം കുടുംബത്തിന്റെ സംരക്ഷണത്തിനായി കച്ചവടത്തിനിറങ്ങിയ പാച്ചാക്കരയിലെ ഫൗസിയക്കു പറയാനുള്ളതും അധികൃതരുടെഅവഗണനയേക്കുറിച്ച് തന്നെ.

. ബേങ്കില്‍ നിന്ന് രണ്ട് ലക്ഷം രൂപ കടമെടുത്ത് കടലോരത്ത് ചെറിയ പെട്ടിക്കട പണിത് ചായക്കച്ചവടം തുടങ്ങിയെങ്കിലും വൈദ്യുതി കണക്ഷന്‍ കിട്ടാത്തത് തിരിച്ചടിയായി.

പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തകട അനധികൃതമാണെന്ന നിലപാടാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്. അനുമതിയില്ലാത്ത സ്ഥാപനം പ്രസിഡന്റ് ഉദ്ഘാടനം ചെയ്തതു തെറ്റാണെന്നും അവര്‍ കുറ്റപ്പെടുത്തി.

മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ശനി, ഞായര്‍ ദിവസങ്ങളിലാണ് സന്ദര്‍ശകരുടെ തിരക്ക്.

വൈകുന്നേരം തുടങ്ങുന്ന കച്ചവടം ഇരുട്ട് വരെ നീളും. വൈദ്യുതി ഇല്ലാത്തതിനാല്‍ എമര്‍ജന്‍സിയും മറ്റും ഉപയോഗിക്കുന്നുണ്ടെങ്കിലും കടപൂട്ടും വരെ ഭയപ്പാടാണ്.

കടയും പരിസരവും പ്രകൃതിക്കിണങ്ങിയ ഇരിപ്പടവും മറ്റുമൊരുക്കി അധികൃതരുടെ കനിവിനായി കാത്ത് നില്ക്കയാണ് സുഹറാബി.

ബീച്ചില്‍ രണ്ട് സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ലൈസന്‍സുള്ളത്.

ഇവരുടെ ഭാഗത്ത് നിന്നും കച്ചവടത്തിന് എതിര്‍പ്പുണ്ട്. ഇത് പോലെ പത്തോളം ചെറിയ കച്ചവട സ്ഥാപനങ്ങള്‍ ഉണ്ട്.

ഇവരെല്ലാം തന്നെ നാട്ടുകാരായിട്ടും തദ്ദേശീയ പരിഗണന പോലും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്നാണ് ഇവരുടെയൊക്കെ ആക്ഷേപം.

ബീച്ചില്‍ നിന്നും വാഹന പാര്‍ക്കിങ്ങിലും മറ്റുമായി വന്‍ വരുമാനം കൊയ്യുന്ന ഡി.ടി.പി.സി. അധികുതര്‍ ബീച്ചിലെത്തുന്ന സന്ദര്‍ശകര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നില്ലെന്ന ആക്ഷേപത്തിന് ശാശ്വത പരിഹാരമുണ്ടായിട്ടില്ല.

നേരത്തെ സ്ഥാപിച്ചവയെല്ലാം ബന്ധപ്പെട്ടവരുടെ അശ്രദ്ധ കാരണം പൊട്ടിപ്പൊളിഞ്ഞ് ഉപയോഗ ശൂന്യവുമാണ്.

സാമൂഹിക വിരുദ്ധരുടെ രാപകല്‍ വിളയാട്ടം കാരണം കുടുംബവുമായി പകല്‍ പോലും ബീച്ചില്‍ പോകാന്‍ ഭയമാണെന്ന് അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രാഥമിക ആവശ്യങ്ങള്‍ക്ക്
പലരും കടലോരത്തെ വീട്ടുകാരെ ആശ്രയിക്കുകയാണെന്നും അതിനാല്‍ കടക്ക് സമീപത്തെ വീട്ടിന് പുറത്ത് പുതിയ കക്കൂസ് പണിത് കൊണ്ടിരിക്കയാണെന്നും സുഹറാബി ചൂണ്ടിക്കാട്ടി.

കുടുംബത്തെ പോറ്റാന്‍ വേണ്ടി തുടങ്ങിയ കടക്ക് അനുമതി ലഭിക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

എന്നാല്‍ മാത്രമെ, സാമൂഹിക വിരുദ്ധരുടെ ശല്യവും ഒഴിവാകൂ. ബീച്ചിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ലൈസന്‍സ് കൊടുക്കാനുള്ള

സത്വര നടപടി സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ.അനിലേഷും, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അറത്തില്‍ സുന്ദരനും ആവശ്യപ്പെട്ടു.