നിര്‍ണായക പ്രവര്‍ത്തകസമിതിയോഗം തുടങ്ങി.

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം ഡല്‍ഹിയില്‍ തുടങ്ങി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിങ്, എ.കെ. ആന്റണി തുടങ്ങി അഞ്ച് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ തോല്‍വി നേരിട്ട പശ്ചാത്തലത്തിലാണ് അടിയന്തര യോഗം.

57 പേര്‍ക്കാണ് യോഗത്തിലേക്ക് ക്ഷണം. മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ക്ക് പുറമേ മറ്റെല്ലാവരും യോഗത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.

നേതൃമാറ്റം എന്ന ആവശ്യം ശക്തമായി ഉയരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പോക്കില്‍ നിര്‍ണായകമായിരിക്കും ഇന്നത്തെ യോഗം എന്നാണ് വിലയിരുത്തല്‍.

ചില ആരോഗ്യ കാരണങ്ങളാലാണ് മന്‍മോഹന്‍ സിങ് യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ച രാവിലെ സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന പ്രത്യേക കോണ്‍ഗ്രസ് പാര്‍ലമെന്ററി ഗ്രൂപ്പ് യോഗത്തിലും മന്‍മോഹന്‍ സിങ് പങ്കെടുത്തിരുന്നില്ല.

ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് ഞായറാഴ്ച വൈകീട്ട് നാല് മണിക്കാണ് അടിയന്തര പ്രവര്‍ത്തക സമിതി യോഗം ആരംഭിച്ചത്.