എന്ത് സംഭവിച്ചാലും സോണിയ തുടരും- നേതൃമാറ്റം ഊഹാപോഹം മാത്രം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. 5 സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നേതൃതലത്തില്‍ മാറ്റമുണ്ടാകുമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.
നാലു മണിക്കൂറോളം നീണ്ട പ്രവര്‍ത്തക സമിതി യോഗം, സോണിയയുടെ നേതൃത്വത്തില്‍ തന്നെ മുന്നോട്ടു പോകാമെന്നു തീരുമാനിച്ചു.
അതേസമയം, തിരഞ്ഞെടുപ്പ് ഫലം ആശങ്കാജനകമാണെന്നും തന്ത്രങ്ങള്‍ പിഴച്ചെന്നും യോഗം അഭിപ്രായപ്പെട്ടു.
ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെയാണ് ഞായറാഴ്ച വൈകിട്ടു നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നത്.
പാര്‍ട്ടിയുടെ നിലവിലെ പോക്കിനെ വിമര്‍ശിക്കുന്ന ജി-23 സംഘം നേതൃത്വമാറ്റം ആവശ്യപ്പെടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ക്ഷണിതാക്കള്‍, രാജസ്ഥാന്‍, ഛത്തിസ്ഗഡ് മുഖ്യമന്ത്രിമാര്‍ എന്നിവരടക്കം 54 അംഗ വിശാല പ്രവര്‍ത്തക സമിതി യോഗമാണ് സോണിയ വിളിച്ചത്.
മുകുള്‍ വാസ്‌നിക്കിനെ പാര്‍ട്ടി അധ്യക്ഷനായി നിര്‍ദേശിക്കാന്‍ ജി-23 സംഘം തീരുമാനിച്ചെന്നും വാര്‍ത്തകള്‍ വന്നു.
ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, മുന്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി എന്നിവരും മുതിര്‍ന്ന മറ്റു ചില നേതാക്കളും യോഗത്തില്‍നിന്നു വിട്ടുനിന്നെന്നാണു വിവരം.