ശ്രീലങ്കന്‍ ധനമന്ത്രി, ബേസില്‍ രാജപക്‌സെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു

Report–PRESS INFORMATION BUREAU

 

ന്യൂഡെല്‍ഹി: ന്യൂഡല്‍ഹിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കയുടെ ധനകാര്യ മന്ത്രി ബേസില്‍ രാജപക്‌സെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഉഭയകക്ഷി സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും കൈക്കൊള്ളുന്ന മുന്‍കൈകളെക്കുറിച്ച് ധനമന്ത്രി രാജപക്‌സെ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.

ശ്രീലങ്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇന്ത്യ നല്‍കുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ഇന്ത്യയുടെ ‘അയല്‍പക്കം ആദ്യം’ എന്ന നയത്തിലും അതിന്റെ S.A.G.A.R (മേഖലയിലെ

എല്ലാവര്‍ക്കും സുരക്ഷയും വളര്‍ച്ചയും) സിദ്ധാന്തത്തിലും ശ്രീലങ്ക വഹിക്കുന്ന പ്രധാന പങ്കിനെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു.

ശ്രീലങ്കയിലെ സുഹൃത് ജനതയോടൊപ്പം ഇന്ത്യ തുടര്‍ന്നും നില കൊള്ളുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.സാംസ്‌കാരിക മേഖലയിലുള്‍പ്പെടെ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ ആഴത്തിലുള്ള ബന്ധം ധനമന്ത്രി രാജപക്‌സെ ചൂണ്ടിക്കാട്ടി.

.ബുദ്ധ, രാമായണ ടൂറിസം സര്‍ക്യൂട്ടുകളുടെ സംയുക്ത പ്രോത്സാഹനം ഉള്‍പ്പെടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യതകളിലേക്ക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.