സുബൈറിനെ വെട്ടിയത് അഞ്ചംഗസംഘമെന്ന് പോലീസ്-സംഘം കൊഴിഞ്ഞാമ്പാറ വഴി തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന.
പാലക്കാട്: മകനെ ആക്രമിച്ചത് കാറില്‍നിന്നിറങ്ങിയ രണ്ടുപേരാണെന്ന് കൊല്ലപ്പെട്ട സുബൈറിന്റെ പിതാവ് അബൂബക്കര്‍.
രണ്ടുപേരെയാണ് താന്‍ കണ്ടതെന്നും അക്രമിസംഘത്തില്‍ ബാക്കി എത്ര പേരുണ്ടെന്ന് താന്‍ കണ്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
‘ജുമുഅ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. കാര്‍ ഞങ്ങളുടെ വണ്ടിക്ക് നേരേയാണ് വന്നത്.
വണ്ടിയില്‍ ഇടിച്ചതോടെ ഞാന്‍ സൈഡിലേക്ക് മറിഞ്ഞുവീണു. ഇടിയുടെ ആഘാതത്തില്‍ വണ്ടിയും അവനും അല്പം മുന്നോട്ടുപോയി റോഡില്‍ വീണു.
വീണതിന് ശേഷം അവര്‍ അക്രമിക്കുകയായിരുന്നു. എന്നെ നോക്കിയെങ്കിലും, ഒന്നും ചെയ്തില്ല. ശേഷം അവര്‍ തിരിച്ച് മറ്റൊരു കാറില്‍ പോയി. അക്രമിസംഘത്തിലെ രണ്ടുപേരെയാണ് ഞാന്‍ കണ്ടത്. ബാക്കി എത്ര പേരുണ്ടായിരുന്നുവെന്ന് കണ്ടില്ല.
ഞാന്‍ എഴുന്നേല്ക്കാന് വയ്യാതെ കിടക്കുകയായിരുന്നു.’ അബൂബക്കര്‍ പറഞ്ഞു. അതിനിടെ, എലപ്പുള്ളിയിലെ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റുചില വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
അക്രമികള്‍ വന്ന കാറുകളിലൊന്ന് നേരത്തെ കൊല്ലപ്പെട്ട ആര്.എസ്.എസ്. പ്രവര്ത്തകന് സഞ്ജിത്തിന്റെ പേരിലുള്ളതെന്നാണ് സംശയം.
എന്നാല്‍ കാര്‍ സഞ്ജിത്തിന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ച് പറയുന്നില്ല. ഈ കാര്‍ ഉപേക്ഷിച്ച് പിന്നാലെയെത്തിയ മറ്റൊരു കാറിലാണ് അക്രമികള്‍ രക്ഷപ്പെട്ടത്. അഞ്ചുപേര്‍ അക്രമിസംഘത്തിലുണ്ടായിരുന്നതായാണ് സൂചന.
ഇവര്‍ കൊഴിഞ്ഞാമ്പാറ വഴി തമിഴ്നാട്ടിലേക്ക് കടന്നതായും സൂചനകളുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് എലപ്പുള്ളിയില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായ സുബൈറിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്.
പള്ളിയില്‍നിന്ന് ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു സുബൈര്‍. ഇതിനിടെയാണ് കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയത്.
പിന്നാലെ പിതാവിനെ തള്ളിമാറ്റി അദ്ദേഹത്തിന്റെ കണ്മുന്നിലിട്ട് സുബൈറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. യുവാവിന്റെ കൈകളിലും കാലുകളിലും തലയിലും ഉള്‍പ്പെടെ വെട്ടേറ്റു.
ഗുരുതരമായി പരിക്കേറ്റ സുബൈറിനെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബൈക്കില്‍നിന്ന് വീണ് സുബൈറിന്റെ പിതാവിനും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന് പിന്നില്‍ ആര്.എസ്.എസ്. ആണെന്നാണ് എസ്.ഡി.പി.ഐ.യുടെ ആരോപണം.
കൊലപാതകവിവരമറിഞ്ഞ് നിരവധി എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിയത്.
അതിനിടെ, ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി പറഞ്ഞു.
അന്വേഷണം പൂര്‍ത്തിയാകും മുമ്പ് സംഘപരിവാര്‍ സംഘടനകള്‍ക്കുമേല്‍ കുറ്റം ആരോപിക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് പറഞ്ഞു.
അതിനിടെ, പാലക്കാട്ടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി. ജാഗ്രത നിര്‍ദേശം നല്കി.
സംഘര്‍ഷസാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ പിക്കറ്റിങ് ഏര്‍പ്പെടുത്താനും ജില്ലാ പോലീസ് മേധാവിമാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ മണിക്കൂറുകള്‍ക്കിടെ രണ്ട് കൊലപാതകങ്ങള്‍ നടന്നിരുന്നു. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് പോലീസിന്റെ ശ്രമം.