കഞ്ചാവ് മാഫിയയുടെ ബൈക്ക് മോഷണം-രണ്ടുപേര്‍ അറസ്റ്റില്‍–മുഖ്യപ്രതി രക്ഷപ്പെട്ടു, പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍
പരിയാരം: കഞ്ചാവ് മാഫിയാസംഘം മോഷ്ടിച്ച ബൈക്ക് കണ്ടെടുത്തു, രണ്ടുപേര്‍ പിടിയില്‍, മുഖ്യപ്രതിക്കായി തിരച്ചില്‍ തുടരുന്നു.
പരിയാരം പോലീസ് സ്റ്റേഷന് പരിധിയില്‍ ഏപ്രില്‍ 30 ന് നടന്ന സംഭവത്തില്‍ കടന്നപ്പള്ളി പെരുവളങ്ങിയിലെ ബബിത്ത്ലാലിന്റെ കെ.എല്‍.11 എ.എന്‍ 7443 ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്.
കണ്ണൂര്‍ സിറ്റിയിലെ മുഹമ്മദ് സായിത്താണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
മോഷണത്തിന് സഹായികളായ പിലാത്തറ സി.എം.നഗറിലെ ചെറുവത്തൂര്‍ ഹൗസില്‍ അമില്‍ ജോണ്‍(23), മുടിക്കാനത്തെ പാറയ്ക്കല്‍ ഹൗസില്‍ സി.എസ്.ആദിത്ത്(18) എന്നിവരെയാണ് ഇന്നലെ പരിയാരം ഇന്‍സ്പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്.
മുഹമ്മദ് സായിത്തിന്റെ വീട്ടില്‍ സൂക്ഷിച്ച ബൈക്ക് ഇന്നലെ രാത്രി തന്നെ പരിയാരം എസ്. ഐ കെ.വി.സതീശന്, സീനിയര്‍ സി.പി.ഒ നൗഫല്‍ അഞ്ചില്ലത്ത്, സി.പി.ഒ ശ്രീലാല്‍ എന്നിവരുടെ നേതൃത്വത്തില്‍
സാഹസികമായി പോലീസ് പിടികൂടി. പോലീസ് എത്തുമെന്ന സംശയത്തില്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബൈക്ക് പിടിച്ചെടുത്തത്.
രക്ഷപ്പെട്ട സായിദിനെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കഞ്ചാവ് വില്‍പ്പന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് വില്‍പ്പന സംഘങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
