മോര്‍ച്ചറി-മഴ-കാട്-ഇരുട്ട്-ത്രില്ലടിപ്പിക്കുന്ന ആളങ്കം-സിനിമാ റിവ്യൂ.

ചിത്രാനന്ദന്‍ മാമ്പറ്റ.

    ശ്വാസമടക്കിപ്പിടിച്ചിരുന്ന് സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാതെ കണ്ട ഒരു സിനിമ-ആളങ്കം.

പക്ഷെ, തിയേറ്ററില്‍ സീറ്റുകള്‍ ഭൂരിഭാഗവും കാലിയായി കിടക്കുന്നു.

കാര്യമായ പ്രമോഷനുകളൊന്നുമില്ലാതെ വന്ന സിനിമയായതുകൊണ്ടായിരിക്കാം ഇത് ശ്രദ്ധിക്കപ്പെടാതെ പോയത്.

ജാഫര്‍ ഇടുക്കിയും ലുഖ്മാനും ഗോകുലനും സുധി കോപ്പയും ഒഴികെയുള്ള നടന്‍മാര്‍ പലരും പുതുമുഖങ്ങള്‍.

ഒരു മോര്‍ച്ചറിയില്‍ നടക്കുന്ന സംഭവങ്ങളും തുടര്‍ന്നുണ്ടാകുന്ന   പോലീസ് അന്വേഷണങ്ങളും കോര്‍ത്തിണക്കിയ സര്‍വൈവല്‍ ത്രില്ലറായ ആളങ്കത്തില്‍ സസ്‌പെന്‍സും സംവിധായകന്‍ കാത്തുവെച്ചിട്ടുണ്ട്.

മഴ, ഇരുട്ട്, കാട്, മോര്‍ച്ചറി ഇവയൊക്കെ കെട്ടുപിണഞ്ഞുകിടക്കുന്ന സിനിമ വേറെ ലെവലിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്.

ഷാനി ഖാദര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമയില്‍ ലുഖ്മാന്‍, ഗോകുലന്‍, ജാഫര്‍ ഇടുക്കി, ശരണ്യ എന്നിവരുടെ പ്രകടനം എടുത്തുപറയേണ്ടത് തന്നെയാണ്.

ഷമീര്‍ ഹഖിന്റെ ക്യാമറ സിനിമയുടെ മൂഡിനൊപ്പം തന്നെ നീങ്ങുന്നതിനാല്‍ മികച്ചുനില്‍ക്കുന്നു.

നിഷാദ് യൂസുഫിന്റെ എഡിറ്റിങ്ങ് മികവും ഈ ത്രില്ലര്‍ ചിത്രത്തെ ആസ്വാദ്യകരമാക്കിയിട്ടുണ്ട്.

കിരണ്‍ ജോസിന്റെ പശ്ചാത്തല സംഗീതവും എടുത്തുപറയേണ്ടത് തന്നെയാണ്.

സിനിമയുടെ ഏതാണ്ട് പകുതിയോളം ഭാഗങ്ങള്‍ വരുന്ന മോര്‍ച്ചറിക്കകത്തെ രംഗങ്ങള്‍ കുറച്ചുകൂടി ഭംഗിയാക്കിയിരുന്നുവെങ്കില്‍ പ്രേക്ഷകര്‍ക്ക് ഒരു ഹൊറര്‍ മൂഡ് കൂടി നല്‍കാന്‍ സാധിക്കുമായിരുന്നുവെങ്കിലും സംവിധായകന്‍ അതിന് ശ്രമിച്ചുകണ്ടില്ല.

എന്തായാലും അടുത്തകാലത്ത്
കണ്ടതില്‍ വെച്ച് മികച്ച ത്രില്ലര്‍ സിനിമ തന്നെയാണ് ആളങ്കം.