ആറളം ഫാമില്‍ 22 കോടിയുടെ ആനമതില്‍ നിര്‍മ്മിക്കും

ആറളം: ആറളം ഫാമിലെ വന്യജീവി ആക്രമണത്തിന് പരിഹാരമായി പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ച 22 കോടി രൂപ വിനിയോഗിച്ച് ആനമതില്‍ നിര്‍മ്മിക്കാന്‍ ഫാമില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ തീരുമാനം.

കൂടുതല്‍ തുക ആവശ്യമെങ്കില്‍ അനുവദിക്കും. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍, വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

എന്നിവര്‍ ആറളം ഫാം സന്ദര്‍ശിച്ച ശേഷം ആറളംഫാം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജനപ്രതിനിധികളുമായും നാട്ടുകാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയുടെ പൊതുവികാരം മാനിച്ചാണ് തീരുമാനം.

നേരത്തെ അനുവദിച്ച 22 കോടി രൂപയില്‍ നിര്‍മ്മാണം ഒതുങ്ങിയില്ലെങ്കില്‍ ജനങ്ങളുടെ സംരക്ഷണത്തിനും ആറളം ഫാമിന്റെ സുരക്ഷയ്ക്കുമായി കൂടുതല്‍ തുക അനുവദിക്കാന്‍ പട്ടിക വര്‍ഗ വികസന വകുപ്പ് നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

ജനപ്രതിനിധികളും വിവിധ യൂനിയനുകളും സംഘടനകളും എല്ലാം ഉന്നയിച്ച ആവശ്യം കണക്കിലെടുത്താണ് ആന മതിലാണ് അഭികാമ്യം എന്ന തീരുമാനം എടുത്തതെന്ന് മന്ത്രി പറഞ്ഞു.

നേരത്തെ 10 കിലോമീറ്ററില്‍ ആന മതില്‍ നിര്‍മ്മിച്ചിരുന്നു. അതിന് ശേഷം അവശേഷിക്കുന്ന 10.5 കിലോ മീറ്ററില്‍ കൂടി നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ചിരുന്നു.

എന്നാല്‍ ചില സാങ്കേതികത്വങ്ങള്‍, നിര്‍മ്മാണ കമ്പനിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ എന്നിവ ഉണ്ടായി. കേസ് നിലനില്‍ക്കുന്നതിനാല്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്തി ആന മതില്‍ നിര്‍മ്മിക്കും.

പണം നേരത്തെ അനുവദിക്കാന്‍ പട്ടികവര്‍ഗ വികസന വകുപ്പ് തയ്യാറാണ്. വനം വകുപ്പും മറ്റ് വിവിധ വകുപ്പുകളുമായും ബന്ധപ്പെട്ട് പെട്ടെന്ന് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കും.

അതിനാണ് സംസ്ഥാനതല യോഗത്തിന് ശേഷം മന്ത്രിമാരും എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും ചേര്‍ന്ന് ആറളം ഫാമില്‍ യോഗം ചേര്‍ന്നതെന്ന് മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു.

വന്യജീവി സംരക്ഷണം പോലെ തന്നെ പ്രധാനമാണ് പൗരന്റെ സംരക്ഷണമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

ആറളത്തിന്റെ സവിശേഷമായ ആവശ്യം പരിഗണിച്ച് ആനമതിലാണ് പ്രായോഗികം.

നടപടിക്രമങ്ങള്‍ ലഘൂകരിച്ച് പദ്ധതി വേഗത്തില്‍ നടപ്പിലാക്കും. ഇതിനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

ആറളത്ത് ഇനി ആന ആരെയും കൊല്ലാന്‍ അനുവദിക്കരുത് എന്ന ജനവികാരം മനസ്സിലാക്കി, ഫാമിലുണ്ടാക്കിയ കോടിക്കണക്കിന് രൂപയുടെ കൃഷിനാശം കണക്കിലെടുത്ത് ഒരു ദൗത്യം പോലെ,

ജനാഭിപ്രായം കണക്കിലെടുത്താണ് പ്രശ്‌ന പരിഹാരത്തിന് തീരുമാനമെടുത്തതെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

യോഗത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍, വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, തദ്ദേശ സ്വയംഭരണഎക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് പുറമെ

എം.എല്‍.എമാരായ കെ.കെ.ശൈലജ ടീച്ചര്‍, അഡ്വ.സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ, ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍, സബ് കലക്ടര്‍ അനുകുമാരി, അഡീഷനല്‍ പ്രിന്‍സിപ്പല്‍ സിസിഎഫ് ഡോ.പി.പുകഴേന്തി,

വിദഗ്ദ്ധ സമിതി അംഗങ്ങളായ പിഡബ്ല്യുഡി കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ എല്‍.ബീന, കെ.വി. ഉത്തമന്‍ (വനം വകുപ്പ്), ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, കണ്ണൂര്‍ ഡി എഫ് ഒ പി.കാര്‍ത്തിക്,

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ.സുരേഷ്ബാബു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്‍, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്,

ആറളം ഫാം എം.ഡി എസ്.ബിമല്‍ഘോഷ്, മുന്‍ എം എല്‍ എ എം.പ്രകാശന്‍ മാസ്റ്റര്‍, പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.ജിഷാകുമാരി, ആറളം ഫാം ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.