കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ലൈബ്രറിയിലെ എ.സി.കംപ്രഷര്‍ മോഷ്ടിച്ചു.
കരിമ്പം.കെ.പി.രാജീവന്‍.
പരിയാരം: മെഡിക്കല്‍ കോളേജ് ലൈബ്രറിയിലെ എയര്‍ കണ്ടീഷണറിന്റെ കംപ്രഷര്‍യൂണിറ്റ് മോഷണംപോയി.
പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ലൈബ്രറിയിലാണ് സംഭവം.
മാര്‍ച്ച് 20 നാണ് ഇത് ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്.
എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിക്കാത്തത് ലൈബ്രറി വിഭാഗം റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം എഞ്ചീനീയറിംഗ് വിഭാഗം പരിശോധിച്ചപ്പോഴാണ് പുറത്ത് സ്ഥാപിച്ച ഔട്ടര്‍ കംപ്രഷര്‍യൂണിറ്റ് നഷ്ടപ്പെട്ടതായി മനസിലായത്.
ഉടന്‍തന്നെ വിവരം പ്രിന്‍സിപ്പാളിന് റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും തുടരന്വേഷണമോ നടപടികളോ ഉണ്ടായില്ല.
മെഡിക്കല്‍ കോളേജില്‍ നിന്നും ഇ-മെയില്‍ വഴി പോലീസിന് പരാതി അയച്ചതിലപ്പുറം ഉത്തരവാദപ്പെട്ടവര്‍ ഒന്നും ചെയ്തില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.
കെട്ടിടത്തിന് വെളിയില്‍ താഴെ ഭാഗത്ത് ഘടിപ്പിച്ച കംപ്രഷര്‍യൂണിറ്റ് ആരോ അഴിച്ചുകൊണ്ടുപോയ നിലയിലാണ്.
ആവശ്യത്തിലേറെ സുരക്ഷാജീവനക്കാര്‍ 24 മണിക്കൂറും ഡ്യൂട്ടിചെയ്യുന്ന മെഡിക്കല്‍ കോളേജിന്റെ പ്രധാന കെട്ടിടത്തില്‍ നിന്നും എ.സി.കംപ്രഷര്‍ മോഷ്ടിച്ചുകൊണ്ടുപോയ സംഭവം ഞെട്ടിപ്പിക്കുന്നതാണെങ്കിലും ഇതേപ്പറ്റി വകുപ്പുതലത്തില്‍പോലും ഒരു അന്വേഷണം ഇതേവരെ നടന്നിട്ടില്ല.
മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്നും ഇത്തരത്തില്‍ എന്തൊക്കെ കളവുപോയിട്ടുണ്ടെന്ന കാര്യത്തിലും ആര്‍ക്കും യാതൊരു ധാരണയുമില്ല.
നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി മെഡിക്കല്‍ കോളജിന്റെ നവീകരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഇവിടെ ജോലിചെയ്യുന്നുണ്ട്.
മോഷണത്തിന് പിന്നില്‍ ഇവരിലാരെങ്കിലും ആയിരിക്കാമെന്നാണ് സംശയിക്കുന്നത്.
32 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന മെഡിക്കല്‍ കോളേജിന് ഒരു ചുറ്റുമതില്‍ നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
കാടുപിടിച്ചുകിടക്കുന്ന പലഭാഗത്തും ആവശ്യത്തിന് വൈദ്യുതിവിളക്കുകള്‍ പോലും ഘടിപ്പിച്ചിട്ടില്ല.
വാര്‍ഡില്‍ ഉറങ്ങിക്കിടന്ന 9 പേരുടെ ഐ ഫോണ്‍ ഉള്‍പ്പെടെയുള്ള മൊബൈല്‍ഫോണുകള്‍ മോഷണം പോയിട്ട് മാസങ്ങളായിട്ടും ഇതേവരെ പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.