റോഡിന് കുറുകെ പിക്കപ്പ് വാന്‍ മറിഞ്ഞു.ഡ്രൈവര്‍ക്കും സഹായിക്കും ഗുരുതരം.

ചെറുവത്തൂര്‍: ടയറുമായി നെടുമ്പാശേരിയില്‍ നിന്നും കാസര്‍ഗോഡേക്ക് പോകുകയായിരുന്ന പിക്കപ്പ് വാന്‍ റോഡിന് കുറുകെ മറിഞ്ഞ് ഡ്രൈവര്‍ക്കും സഹായിക്കും ഗുരുതരമായി പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെ 2.25 ന് ദേശീയപാതയില്‍ ചെറുവത്തൂരിലായിരുന്നു അപകടം.

നെടുമ്പാശേരി സ്വദേശികളായ ഡ്രൈവര്‍ ആനന്ദ്(24), സഹായി വിലാസ്(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇതില്‍ ആനന്ദിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കെ.എല്‍ 07 ടി.ജെ. 9834 നമ്പര്‍ മഹീന്ദ്ര ബൊലേറോ പിക്കപ്പ് വാനാണ് നിയന്ത്രണംവിട്ട് റോഡിന് കുറുകെ മറിഞ്ഞത്.

തൃക്കരിപ്പൂരില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ എം.ശ്രീധരന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനാംഗങ്ങളാണ് വാഹനത്തിനകത്ത് കുടുങ്ങിയ ഇരുവരേയും സാഹസികമായി പുറത്തെടുത്തത്.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ വി.എന്‍.വേണുഗോപാലന്‍, പി.വി.ഷജിത്ത്കുമാര്‍, എസ്.കിരണ്‍, ഫയര്‍ഫോഴ്‌സ് ഡ്രൈവര്‍ ടി.ഇന്ദ്രജിത്ത്, ഹോംഗാര്‍ഡുമാരായ വി.വി.നാരായണന്‍, പി.പി.മോഹനന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്.

റോഡിന് കുറുകെ മറിഞ്ഞ വാഹനം ക്രെയിന്‍ ഉപയോഗിച്ച് നീക്കിയാണ് ദേശീയപാതവഴിയുള്ള വാഹനഗതാഗതം പുന:സ്ഥാപിച്ചത്.

പിക്കപ്പ് വാനിന്റെ ഓയില്‍ടാങ്ക് പൊട്ടി റോഡില്‍ ഓയില്‍ പടര്‍ന്നതിനാല്‍ ഏറെ നേരമെടുത്താണ് അഗ്നിശമനസേന ഇത് കഴുകിമാറ്റി വാഹനങ്ങള്‍ തെന്നിവീഴുന്നത് ഒഴിവാക്കിയത്.