ഗ്രീന്‍സ്റ്റാര്‍ പറ്റൂല്ലെങ്കില്‍ റെഡ്സ്റ്റാറെങ്കിലും വെക്കെന്ന് നാട്ടുകാര്‍-വിവാദമായി മുന്നറിയിപ്പ് ബോര്‍ഡ്.
പരിയാരം: മുന്നറിയിപ്പ് ബോര്‍ഡ് വേണം, ഗ്രീന്‍സ്റ്റാര്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ ബോര്‍ഡ് പറ്റൂല്ല. പഞ്ചായത്തിന്റെ നടപടി വിവാദമായി.

പരിയാരം പഞ്ചായത്തിന്റെ ഹൃദയഭാഗമായ ചിതപ്പിലെപൊയിലില്‍ നിരവധി വാഹനാപകടങ്ങള്‍ നടന്നതോടെയാണ് പ്രദേശത്തെ സന്നദ്ധ സംഘടനയായ ഗ്രീന്‍സ്റ്റാര്‍ സ്പോര്‍ട്സ് ക്ലബ്ബ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെക്കാന്‍ തീരുമാനിച്ചത്.
പോലീസിന്റെയും പഞ്ചായത്തിന്റെയും അനുമതിയോടെയാണ് ക്ലബ്ബ് ഇതിനായി രംഗത്തിറങ്ങിയത്.
പലരില്‍ നിന്നായി പിരിവെടുത്താണ് 16,000 രൂപ മുടക്കി നാല് ബോര്‍ഡുകള്‍ നിര്‍മ്മിച്ചത്, എന്നാല്‍ ഇത് സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിതോടെയാണ് ഗ്രാമപഞ്ചായത്ത് ഇതിനെതിരെ രംഗത്തുവന്നതെന്ന് ക്ലബ്ബ് ഭാരവാഹികള്‍ ആരോപിച്ചു.
ഗ്രീന്‍സ്റ്റാറിന്റെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കില്ലെന്നും, അനുമതിയില്ലാതെ സ്ഥാപിച്ചാല്‍ കേസെടുക്കണമെന്നും പഞ്ചായത്ത് പോലീസിനോട് ആവശ്യപ്പെട്ടതോടെ ക്ലബ്ബ് അധികൃതര്‍ ഇത് നിര്‍ത്തിവെച്ചു.
ബോര്‍ഡുകള്‍ ക്ലബ്ബ് പരിസരത്ത് വെറുതെകിടക്കുകയാണ്. പഞ്ചായത്ത് ആസ്ഥാനം നിലനില്‍ക്കുന്ന സ്ഥലത്ത്
, സുപ്രധാനായ ചുടല-മാതമംഗലം റോഡ് കടന്നുപോകുന്ന ഇവിടെ ഇന്നും വാഹനാപകടം നടന്ന് യാത്രക്കാരന് പരിക്കുപറ്റുകയുണ്ടായി.
അന്ധമായ രാഷ്ട്രീയമാണ് ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തിനെ പ്രേരിപ്പിക്കുന്നതെന്ന് ക്ലബ്ബ് ഭാരവാഹികള്‍ ആരോപിച്ചു.
സന്നദ്ധ സംഘടനക്ക് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാന്‍ അനുമതി നല്കിയ ശേഷം അതിനെതിരെ നിലപാട് സ്വീകരിച്ച പഞ്ചായത്ത് സ്വന്തം നിലയില്‍ ബോര്‍ഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
