ആടിമാസത്തില്‍ തിമിര്‍ത്തുപെയ്യാന്‍ മഴയില്ലെങ്കിലും ചെണ്ടത്തിമിര്‍പ്പോടെ വേടനിറങ്ങി-
കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്: മഴ തിമിര്‍ത്തുപെയ്ത ദിവസങ്ങള്‍ പിന്നിട്ടു, കാക്ക കണ്ണുതുറക്കാത്ത മഴ പെയ്തിറങ്ങേണ്ട കര്‍ക്കിടകത്തില്‍ അടിവേടന്‍ ഇറങ്ങി.
ഉത്തര മലബാറിലെ ഗ്രാമീണ കര്‍ഷകരുടെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ആചാരമായ വേടന്‍ കെട്ടിയാടല്‍ ഇപ്പോള്‍ അപൂര്‍വ്വമായി മാറുകയാണ്.
ദിവസങ്ങളോളം സ്‌കൂളില്‍ പോവാതെ വേടന്‍ കെട്ടാന്‍ കുട്ടികളെ കിട്ടാതായതും, വിശ്വാസത്തിലുണ്ടായ കുറവും ഈ ആചാരത്തെ വിസ്മൃതിയിലേക്ക് കൊണ്ടു പോയിക്കഴിഞ്ഞു.
എങ്കിലും ചിലയിടങ്ങളില്‍ ഇന്നും അവശേഷിക്കുന്നണ്ട്. പുതുമഴ പെയ്ത മണ്ണില്‍ വിത്തിട്ട്, നട്ടുവളര്‍ത്തിയ വിളകള്‍ വളര്‍ന്ന് പൂവിട്ട് കായ്ച്ചതിനുശേഷം, വിളവെടുപ്പിന് പാകമാവുന്നതിന്റെ
ഇടവേളയില്‍, മുറ്റത്തെ പെരുമഴയും നോക്കി വിശപ്പകറ്റാനായി ചക്കക്കുരു ചുട്ട്തിന്ന് വീട്ടിലിരിക്കുന്ന ഗ്രാമീണ കര്‍ഷകന്റെ വീടുകള്‍തോറും, ചെണ്ടകൊട്ടിയുള്ള വേടന്റെ വരവ് ഒരു പുത്തനുണര്‍വ്വ് പകരുന്നു.
കര്‍ക്കിടകത്തിലെ രോഗപീഡകള്‍ അകറ്റാനായുള്ള ഈ വേടന്‍ കെട്ടിയാടല്‍ ഒരു പ്രത്യേക ജനവിഭാഗത്തിന്റെ മാത്രം അവകാശമാണ്.
കാര്‍ഷികസംസ്‌കൃതിയുടെ ഭാഗമായ മേലാളര്‍കീഴാളര്‍ ബന്ധം ഉറപ്പിക്കുന്ന കാലത്ത് രൂപംകൊണ്ട, ഈ ആചാരം വളരെ നല്ലൊരു കലാരൂപം കൂടിയാണ്.
വേടന്‍ കെട്ടിയാടാന്‍ അവകാശമുള്ളവര്‍ മറ്റുതൊഴിലുകള്‍ തേടുകയും ഗ്രാമീണര്‍ക്ക് കൃഷി അന്യമാവുകയും ഗ്രാമം പട്ടണങ്ങളുടെ വികലമായ രൂപം പ്രാപിക്കുകയും ചെയ്തതോടെ ഇതുപോലുള്ള ആചാരങ്ങള്‍ക്കെല്ലാം വംശനാശം സംഭവിക്കുകയാണ്.
കര്‍ക്കിടകമാസം വീടുകള്‍തോറും കയറിയിറങ്ങുന്നവരാണ് ‘വേടനും ആടിയും’. ഒന്നിച്ച് ‘ആടിവേടന്‍’ എന്ന് പറയുന്നുണ്ടെങ്കിലും ‘വേടന്‍’ മലയ സമുദായക്കാരും ‘ആടി’ വണ്ണാന്‍ സമുദായക്കാരും കര്‍ക്കിടകത്തിലെ വ്യത്യസ്ത ദിവസങ്ങളിലായി കെട്ടിയാടുന്നു.
അതുപോലെ ‘കോതാമ്മൂരി, ഉച്ചാരപൊട്ടന്‍’ എന്നീ പേരുകളിലും ആചാര കലാരൂപങ്ങള്‍ പണ്ട് കാലത്ത് വടക്കന്‍ കേരളത്തില്‍ ഉണ്ടായിരുന്നു. വീട്ടില്‍ വരുന്ന വേടന്‍, മുഖത്തും ദേഹത്തും ചായംപൂശിയിട്ട് തിളങ്ങുന്ന കിരീടവും ചുവന്ന ആടയാഭരണങ്ങളും ധരിച്ചിരിക്കും.
മുതിര്‍ന്ന പുരുഷനോടൊപ്പം ചെണ്ടമുട്ടിന്റെ അകമ്പടിയോടെ വീടിന്റെ മുറ്റത്ത് കടന്നുവരുന്ന വേടന്‍ സംസാരിക്കില്ല. വേടന്റെ വേഷമണിഞ്ഞ കുട്ടിയോടൊപ്പം ചെണ്ടക്കാരന്‍ കൂടാതെ ഒന്നോ രണ്ടോ സഹായികളും കാണും.
വീട്ടിലെത്തിയാല്‍ കത്തിച്ച വിളക്കിനെയും ആവണിപ്പലകയില്‍ അരി നിറച്ച നിറനാഴിയെയും വണങ്ങി വേടനെ മുന്നില്‍ നിര്‍ത്തിക്കൊണ്ട്, ചെണ്ടകൊട്ടി പാട്ടുപാടുന്നു.
തപസ്സുചെയ്യുന്ന അര്‍ജ്ജുനനെ പരീക്ഷിക്കാനായി വേടന്റെ രൂപത്തില്‍ വന്ന പരമശിവന്റെ കഥയാണ് പാട്ടിലുള്ളത്.
