ചെയ്യാത്ത കുറ്റത്തിനു ദുരിതമനുഭവിച്ചത് 25 വര്‍ഷം; അഴിമതി കേസില്‍ മുന്‍ കൃഷി ഓഫീസര്‍ കുറ്റക്കാരിയല്ലെന്ന് കോടതി
കൊച്ചി: ചെയ്യാത്ത കുറ്റത്തിനു വിജിലന്‍സ് കേസില്‍ കുടുങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് (agriculture officer) 25 വര്‍ഷങ്ങള്‍ക്കു ശേഷം ആശ്വാസം.
മൂവാറ്റുപുഴ നെല്ലാട് തോപ്പില്‍ വീട്ടില്‍ രവീന്ദ്രന്റെ ഭാര്യ ലൈല (69)യാണ് കാല്‍ നൂറ്റാണ്ടുകാലം ദുരിതമനുഭവിച്ച് ഒടുവില്‍ കുറ്റവിമുക്തയായത്.
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അവര്‍ക്ക് ആശ്വസമാകുന്ന വിധി പുറപ്പെടുവിച്ചത്.
ലൈല കുറ്റക്കാരിയല്ലെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചതോടെ കോടതി വിശദമായ തുടര്‍ വാദം കേട്ടാണ് ഇവരെ വിട്ടയച്ചത്.
പിറവം കൃഷി ഓഫീസ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ലൈല.
കര്‍ഷകര്‍ക്കു നല്‍കാനുള്ള പണം കൃഷി ഓഫീസര്‍മാര്‍ക്ക് നല്‍കിയതില്‍ അഴിമതി നടത്തിയെന്നായിരുന്നു ഇവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം.
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലെ സിസി 265/16 കേസാണ് ലൈലയ്ക്ക് നിയമക്കുരുക്കായത്.
1993 ഓക്ടോബര്‍ 1 മുതല്‍ 1996 ജനുവരി 30 വരെയുള്ള കാലഘട്ടത്തില്‍ പണാപഹരണം, ഔദ്യോഗിക രേഖകളില്‍ കൃത്രിമം നടത്തല്‍, വിശ്വാസവഞ്ചന, അക്കൗണ്ടുകളുടെ ദുരുപയോഗം എന്നിങ്ങനെ വിവിധ വകുപ്പുകള്‍ അനുസരിച്ച് 1999 മാര്‍ച്ച് 12നു ഇവരുടെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
സര്‍ക്കാരിനെ വെട്ടിച്ച് 3,47,384 രൂപ കൈവശപ്പെടുത്തിയെന്നും എഫ്‌ഐആറിലുണ്ടായിരുന്നു.
നിരപരാധിയാണെന്നു ഉത്തമ ബോധ്യമുള്ളതിനാല്‍ കേസില്‍ നിന്നു ഒഴിവാക്കാന്‍ 2013ല്‍ ലൈല വിടുതല്‍ ഹര്‍ജി ഫയല്‍ ചെയ്തു.
തൃശൂര്‍ വിജിലന്‍സ് കോടതിയാണ് കേസ് തുടക്കത്തില്‍ പരിഗണിച്ചത്.
പിന്നീട് മൂവാറ്റുപുഴയില്‍ വിജിലന്‍സ് കോടതി വന്നതോടെ കേസ് ഇങ്ങോട്ടേക്ക് മാറ്റി.
കോവിഡ് വന്നതോടെ തുടര്‍ നടപടികളെല്ലാം മുടങ്ങി.
പിന്നീട് കേസില്‍ തുടരന്വേഷണം നടത്തണമെന്നു വിജിലന്‍സ് അറിയിച്ചു. അതോടെ കേസ് വീണ്ടും നീണ്ടു.
ആദ്യ കുറ്റപത്രത്തില്‍ പറഞ്ഞ പണം അപഹരിച്ചിട്ടില്ലെന്ന സാക്ഷി മൊഴിയോടെ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി.
സര്‍ക്കാരിനു പണം നഷ്ടമുണ്ടാക്കിയില്ലെങ്കിലും അനുമതിയില്ലാതെ തരം മാറ്റിയതായി സപ്ലിമെന്ററി ചാര്‍ജ് നല്‍കി തുടര്‍ നടപടി എടുക്കാന്‍ വിജിലന്‍സ് കോടതിയോട് അപേക്ഷിച്ചു.
ലൈല പണം അപഹരിച്ചിട്ടില്ലെന്നും വ്യജ രേഖകള്‍ ഉണ്ടാക്കിയെന്ന ആരോപണം തെറ്റാണെന്നും വിശദ വാദം കേട്ട് കോടതി ഒടുവില്‍ കണ്ടെത്തി.
ഇതോടെയാണ് കാല്‍നൂറ്റാണ്ടിനിപ്പുറം അവര്‍ക്ക് ആശ്വാസമായത്.
കൃഷി ഓഫീസറായാണ് ലൈല ജോലിയില്‍ പ്രവേശിച്ചത്.
അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് കേസ്.
തുടര്‍ന്നു കൃഷി ഓഫീസറാക്കി തരംതാഴ്ത്തി
. 2012ലാണ് വിരമിച്ചത്.
