നൈറ്റ് ക്ലാസ്‌മേറ്റ്‌സിനും വരുന്നു ആലുംനി അസോസിയേന്‍-

തളിപ്പറമ്പ്: ആലുംനി അസോസിയേഷനുകളും ഒത്തുചേരലുകളും വലിയവലിയ കഥകളാവുന്ന കാലത്ത് ഇതാ ഒരു പുതിയ കൂട്ടായ്മ ഒരുങ്ങുന്നു.

കടുത്ത ദാരിദ്ര്യം കാരണം പഠനം ഇടക്ക് വെച്ച് നിര്‍ത്തി ബീഡിതെറുപ്പിനും നെയ്ത്തുജോലിക്കും കാര്‍ഷികവൃത്തിയിലേക്കും തിരിഞ്ഞ എണ്ണൂറോളം പേരെ അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ ഉന്നതങ്ങളിലെത്തിച്ച ത്യാഗത്തിന്റെ കഥകളുമായിട്ടാണ് കൂട്ടായ്മ ഒരുങ്ങുന്നത്.

1978 കാലഘട്ടത്തില്‍ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കാന്‍ഫെഡിന്റെയും കണ്ടിന്യൂയിങ്ങ് എജ്യൂക്കേഷന്‍ സെന്ററുകളിലൂടെയും(സി.ഇ.സി) രാത്രികാലങ്ങളില്‍ പഠനം നടത്തി ഏഴാംക്ലാസും എസ്.എസ്.എല്‍,സിയും

വിജയിക്കുകയും പിന്നീട് ഉന്നത വിദ്യാഭ്യാസത്തിലൂടെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തവര്‍ ഇന്നലെ കരിവെള്ളൂര്‍ എ.വണ്‍ ലൈബ്രറി ഹാളില്‍ ഒത്തുചേര്‍ന്ന് തങ്ങളെ പഠിപ്പിച്ച അധ്യാപകരെ ആദരിക്കാന്‍ കൂട്ടായ്മക്ക് രൂപം നല്‍കി.

സ്വാഗതസംഘം രൂപീകരണയോഗം ആഗസ്ത് 21 ന് ചേരും. ഇന്നലെ നടന്ന ആലോചനാ യോഗത്തില്‍ 58 പേര്‍ പങ്കെടുത്തു.

കരിവെള്ളൂര്‍ രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോത്തില്‍ ടി.വി.രവീന്ദ്രന്‍ മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തി. ഗോപി ഗീതം, എം.ബാബുവൈദ്യര്‍ ഉദിനൂര്‍, പി.പി.കരുണാകരന്‍, കരിമ്പില്‍ ശ്രീധരന്‍, ഗംഗാധരന്‍ മാസ്റ്റര്‍. തമ്പാന്‍ മൂത്തല തുടങ്ങി പലരും അനുഭവങ്ങള്‍ പങ്കുവെച്ച് സംസാരിച്ചു

 

കൂക്കാനും റഹ്മാന്‍, പാക്കത്ത് കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, പി.സി.ഗോപിമാസ്റ്റര്‍ എന്നിവരാണ് അക്കാലത്ത് കാന്‍ഫെഡിന്റെയും സി.ഇ.സിയുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

ഇവര്‍ ഉള്‍പ്പെടെ ഇന്ന് ജീവിച്ചിരിക്കുന്ന അക്കാലത്തെ അധ്യാപകരെ ആദരിക്കുകയും പഴയകാലത്തെ കൂട്ടായ്മ ശക്തിപ്പെടുത്തുകയുമാണ് അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ ഉന്നതങ്ങളിലെത്തിയവരുടെ ലക്ഷ്യം.