അനുഭവിപ്പിച്ചേ ഞങ്ങള്‍ പണിതീര്‍ക്കൂ—-അമ്മാനപ്പാറ-ചുടല റോഡില്‍ പണി പാളി–

പരിയാരം: കിഫ്ബി ഫണ്ടുപയോഗിച്ച് പണി തുടങ്ങിയ ചുടല-അമ്മാനപാറ-മാതമംഗലം-ഏര്യം റോഡ് പ്രവര്‍ത്തി ഇഴഞ്ഞുനീങ്ങുന്നു.

ഇതില്‍ അമ്മാനപ്പാറ-ചുടല 2 കിലോമീറ്റര്‍ വരുന്ന റോഡ് പണി തുടങ്ങിയിട്ട് 2 മാസം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല.

റോഡില്‍ ടാറിങ് തുടങ്ങുന്നതിനു മുന്നോടിയായി നടക്കുന്ന ലെവലിങ് വര്‍ക്കാണ് ഇഴഞ്ഞു നീങ്ങുന്നത്.

നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡാണിത്.വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ കാല്‍നട യാത്രികര്‍ക്കും ഇരുചക്ര

വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും കരിങ്കല്‍ ചീള് തെറിച്ചു പരിക്കേല്‍ക്കുന്നത് നിത്യ സംഭവമാണ്.

അത് പോലെ കൂര്‍ത്ത ജില്ലി തറച്ചു വാഹനങ്ങളുടെ ടയര്‍ പഞ്ചറാകുകയും ചെയ്യുന്നു. പണി പൂര്‍ത്തിയാവാത്ത സ്ഥലങ്ങളില്‍

വെയിലുള്ളപ്പോള്‍ പൊടി ശല്യവും മഴ പെയ്താല്‍ ചളി അഭിഷേകവുമാണ്.

ഒരു നല്ല റോഡിലൂടെ യാത്ര ചെയ്യാനായി ജനം എല്ലാം സഹിക്കുകയാണ്.

ക്ഷമക്കും അതിരുണ്ടെന്നും റോഡ് പണി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നുമാണ് നാട്ടുകാര്‍ രോഷത്തോടെ ആവശ്യപ്പെടുന്നത്.