സംഗീതാസ്വാദകന്‍ വേണുവക്കീലിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആനന്ദ്‌സമര്‍പ്പണവുമായി വിജയ് നീലകണ്ഠന്‍.

ളിപ്പറമ്പ്: മണ്‍മറഞ്ഞ സംഗീതാസ്വാദകന്റെ ഓര്‍മ്മക്ക് മുന്നില്‍ ആനന്ദ്‌സമര്‍പ്പണവുമായി പെരുഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍.

മെയ് 29 ന് മരണപ്പെട്ട അഡ്വ.എ.വി.വേണുഗോപാലിന്റെ ഓര്‍മ്മകള്‍ക്കായി സമര്‍പ്പിക്കുകയാണ് നാളെ(ജൂണ്‍-10 ന്) വൈകുന്നേരം ആറിന് നീലകണ്ഠ അബോഡില്‍ നടക്കുന്ന സംഗീതാര്‍ച്ചന.

പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ തുടക്കംമുതല്‍ സജീവ അസ്വാദകനായിരുന്നു അഡ്വ.വേണുഗോപാല്‍.

അദ്ദേഹത്തിന്റെ ആത്മാവിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപെട്ട ഖരഹരപ്രിയ രാഗത്തിലെ ത്യാഗരാജ സ്വാമികളുടെ പക്കാല നീലഭാടി എന്ന കീര്‍ത്തനം ആനന്ദ സമര്‍പ്പണ്‍ പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കുമെന്ന് വിജയ് നീലകണ്ഠന്‍ പറഞ്ഞു.

പ്രഗത്ഭ കര്‍ണാട്ടിക് ഗായകന്‍ വിദ്വാന്‍ വെച്ചൂര്‍ സി ശങ്കരന്‍, വയലിന്‍ വിദ്വാന്‍ ആലങ്കോട് വി.എസ്. ഗോകുല്‍ എന്നിവരാണ് ഹൃദ്യമായ സംഗീത ശ്രദ്ധാഞ്ജലി അര്‍പ്പിക്കാനായി എത്തുന്നത്.

അഡ്വ.വേണുഗോപാലിന്റെ കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കും.  സംഗീതാസ്വാദകനായ വേണു വക്കീല്‍ എന്നെയും, സംഗീതാസ്വാദകരെയും സംബന്ധിച്ചിടത്തോളം മറക്കാന്‍ പറ്റാത്ത ഒരു വ്യക്തിത്വമാണെന്നും വിജയ് നീലകണ്ഠന്‍ പറഞ്ഞു.