ജന്തുസ്‌നേഹത്തിന്റെ ബാലപാഠവുമായി കുട്ടികള്‍ക്കൊപ്പം വിജയ് നീലകണ്ഠന്‍

തളിപ്പറമ്പ്: കാഴ്ചക്കാരിരുടെ മനസില്‍ വിതക്കുന്ന പാമ്പുകളെയും ജന്തുജാലങ്ങളെയും അടുത്തറിയാനും പ്രകൃതിപാഠങ്ങള്‍ പഠിക്കാനുമായി മോറാഴ സൗത്ത് എ.ല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിലെത്തി.

പ്രകൃതി വന്യജീവി സംരക്ഷണ രംഗത്ത് 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വിജയ് നീലകണ്ഠന്റെ നേതൃത്വത്തില്‍ നടന്ന ക്ളാസില്‍ പങ്കെടുക്കാനാണ് കഴിഞ്ഞ ദിവസം കുട്ടികളെത്തിയത്.

അഞ്ചാം ക്ലാസ്സിലെ അറുപതോളം വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

പ്രകൃതിയെയും പാമ്പുകളെയും പറവകളെയും മറ്റു വന്യജീവികളെയും കുറിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രതിഫലം വാങ്ങാതെ സംസ്ഥാനത്തു അകത്തും പുറത്തും നിരവധി ക്ലാസ്സുകള്‍ നല്‍കുന്ന വിജയ് നീലകണ്ഠന്‍ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ നല്‍കിയ വിവരണം കുട്ടികള്‍ക്ക് പുത്തനറിവായി.

പാമ്പുകളുടെയും മൃഗങ്ങളുടെയും സ്വഭാവവും പെരുമാറ്റ രീതികളും കുട്ടികള്‍ക്ക് അറിവിന്റെ വിസ്മയമായി.

ഈ ഭൂമിയുടെ അവകാശികളെയും അമ്മയായ ഭൂമിയേയും സംരക്ഷിക്കേണ്ടതിന്റെ ബാലപാഠങ്ങള്‍ പഠിച്ച കുട്ടികള്‍ വിജയ് നീലകണ്ഠനോടൊപ്പം മടങ്ങിയത് പ്രകൃതിയെ മുറിവേല്‍പ്പിക്കാതെ ജീവിക്കുമെന്ന പ്രതിജ്ഞയുമായാണ്.

പാo പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങേണ്ടതല്ല വിദ്യാര്‍ത്ഥികളുടെ അറിവെന്നും ചുറ്റുപാടുകളെ നിരീക്ഷിച്ചും സഹജീവികളുമായി ഇഴകി ചേര്‍ന്ന് ജീവിക്കുമ്പോഴേ നാം മനുഷ്യരാകുന്നുള്ളൂ എന്ന വലിയ ബോധം വിദ്യാര്‍ത്ഥികളുമായി പങ്കുവെക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് വിജയ് പറയുന്നു.

ഭയപ്പാടോടെ മാത്രം നോക്കി കണ്ടിരുന്ന ഉരഗങ്ങളെ അടുത്ത് ചെന്ന് നോക്കി കണ്ടപ്പോള്‍ കുട്ടികളിലുണ്ടായ ഭാവവ്യത്യാസങ്ങള്‍ നേരില്‍ കാണാന്‍ സാധിച്ചു.

പൂമ്പാറ്റകളും പക്ഷികളും മൃഗങ്ങളും ഉരഗങ്ങളുമെല്ലാം തങ്ങളെ പോലെ തന്നെ ഭൂമിയുടെ അവകാശികളാണെന്ന ബോധം കുരുന്നു മനസുകളില്‍ ചെലുത്താന്‍ സാധിച്ചു എന്നത് ഏറ്റവും വലിയ നേട്ടമായി കാണുന്നു.

നമ്മുടെ ആവാസവ്യവസ്ഥയില്‍ ഇവയ്‌ക്കെല്ലാമുള്ള പങ്ക് ഓരോന്നായി വിവരിച്ചു നല്‍കുമ്പോള്‍ കുട്ടികളുടെ മുഖത്തു വിരിഞ്ഞ സന്തോഷത്തിന്റെ അലകള്‍ പുതിയ അറിവുകള്‍ നേടിയതിന്റെ പ്രത്യക്ഷീകരണമായി.

ഓരോ മൃഗങ്ങളും അവര്‍ സമൂഹത്തിനു നല്‍കുന്ന പങ്ക്, മൃഗങ്ങളുമായി ബന്ധപ്പെട്ട അന്ധവിശ്വാസപരമായ കെട്ടുകഥകളുടെ സത്യാവസ്ഥ എന്നിവയില്‍ ഊന്നിയായിരുന്നു ക്ലാസ് നടന്നത്.

സ്‌നേക്ക് പാര്‍ക്ക് ഡയറക്ടര്‍ പ്രൊഫ.ഇ.കുഞ്ഞിരാമന്‍, ഡോ. അഞ്ജു, സ്‌കൂള്‍ അധ്യാപകരായ കെ.ഇബ്രാഹിം, കെ.ആഷിന, കെ.ഗോവിന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.