വഖഫ് ബോര്‍ഡ് ഇന്‍സ്‌പെക്ടറെ ഇരുമ്പ് വടി കൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്തു
അമ്പലത്തറ: വഖഫ് ബോര്‍ഡ് ഇന്‍സ്‌പെക്ടറെ ഇരുമ്പ് വടി കൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിക്കെതിരെ 8 മാസത്തിന് ശേഷം കോടതി നിര്‍ദ്ദേശപ്രകാരം അമ്പലത്തറ പോലീസ് കേസെടുത്തു.
കാലിച്ചാംപാറ മൂന്നാംമൈലിലെ റാഷിദിന്റെ പേരിലാണ് കേസ്.
ഈ വര്‍ഷം ജനുവരി 19 ന് ഉച്ചകഴിഞ്ഞ് 2 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
വഖഫ് ബോര്‍ഡ് ഇന്‍സ്‌പെക്ടറായ പാറപ്പള്ളി ബേലൂരിലെ പാറപ്പള്ളി വീട്ടില്‍ ടി.കെ.റഫീഖ്(38)നാണ് മര്‍ദ്ദനമേറ്റത്.
പാറപ്പള്ളി ജുമാമസ്ജിദിലെ അക്കൗണ്ട് പരിശോധിക്കാന്‍ പോകവെ കെ.എല്‍-60 ജെ. 5936 നമ്പര്‍ ഓട്ടോയിലെത്തിയ റാഷിദ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവത്രേ.
മദ്രസകുട്ടികളുടെ കാര്യത്തില്‍ എതിരുനിന്നാല്‍ ആരായാലും അടിച്ച് കാലൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു മര്‍ദ്ദനം.
ടി.കെ.റഫീഖ് ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ ഹരജി പ്രകാരമാണ് കേസെടുത്തത്.
വഖഫ് ബോര്‍ഡ് ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് റാഷിദിന്റെ പേരില്‍ കേസെടുത്തത്.