അഗ്നിശുദ്ധി നേടി പി.കെ.സുബൈര്‍-സീതിസാഹിബ് സ്‌കൂളിന്റെ വഖഫ് ഓഡിറ്റ് പൂര്‍ത്തിയായി- വിശദ പരിശോധനയിലും ക്രമക്കേട് കണ്ടെത്താതെ ഓഡിറ്റ് റിപ്പോര്‍ട്ട്

ആരോപണം ഉന്നയിച്ചതിന് സി.പി. എമ്മും ജില്ലാ സെക്രട്ടറി എം.വി.ജയരാജനും മാപ്പ് പറയണമെന്നും പി.കെ.സുബൈര്‍

തളിപ്പറമ്പ്: സീതി സാഹിബ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നടത്തിപ്പില്‍ 4.81 കോടിയുടെ ക്രമക്കേട് നടന്നതായി സി.പി.എമ്മും ഇടതുപക്ഷ വഖഫ് സംരക്ഷണ സമിതിയും ആരോപിച്ചതിനെ തുടര്‍ന്ന് കേരള വഖഫ് ബോര്‍ഡ് നടത്തിയ സ്‌കൂള്‍ കണക്കിന്റെ വിശദ പരിശോധനയിലും സാമ്പത്തിക അഴിമതി കണ്ടെത്താന്‍ കഴിയാതെ ഓഡിറ്റ് റിപ്പോര്‍ട്ട്.

ഇതിന് മുമ്പ് വഖഫ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലും ഒന്നും കണ്ടെത്തിയിരുന്നില്ല.

2013 മുതല്‍ 2021 വരെയുള്ള കാലയളവിലെ എട്ടു വര്‍ഷത്തെ വരവ് ചെലവ് കണക്ക് വഖഫ് ബോര്‍ഡ് നിയോഗിച്ച എം. പാനല്‍ ഓഡിറ്റര്‍ ഇ.കെ. കരുണാകരനാണ് മാസങ്ങള്‍ നീണ്ട പരിശോധനക്ക് ശേഷം റിപ്പോര്‍ട്ട് വഖഫ് ബോര്‍ഡ് കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസര്‍ക്ക് സമര്‍പ്പിച്ചത്.

സാധാരണ, ഏതൊരു ഓഡിറ്റിലും പരാമര്‍ശിക്കാറുള്ള സാങ്കേതിക പോരായ്മകളും നിര്‍ദ്ദേശങ്ങളും അല്ലാതെ എന്തെങ്കിലും സാമ്പത്തിക ക്രമക്കേടു നടന്നതായോ അഴിമതി നടത്തിയതായോ പണം നഷ്ടപ്പെട്ടതായോ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

2013 ഏപ്രില്‍ ഒന്നു മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ സ്‌കൂളിന്റെ സാമ്പത്തിക ഇടപാടുകളില്‍
4 കോടി 80 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് കൊണ്ട് സി.പി. എം നിയന്ത്രണത്തിലുള്ള

ഇടതുപക്ഷ വഖഫ് സംരക്ഷണ സമിതി രംഗത്ത് വരികയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട് സമിതി തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച വഖഫ് സംരക്ഷണ കൂട്ടായ്മ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ഉദ്ഘാടനം ചെയ്തിരുന്നത്.

അതേ തുടര്‍ന്ന് വഖഫ് ബോര്‍ഡ് കണ്ണൂര്‍ ഡിവിഷനല്‍ ഓഫീസ് മൂന്നംഗ ഉദ്യോഗസ്ഥരെ വെച്ച് പരിശോധന നടത്തിയെങ്കിലും ആരോപിക്കപ്പെട്ട ക്രമക്കേട് നടന്നതായി കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നില്ല.

തുടര്‍ന്നാണ് വിശദമായ കണക്ക് പരിശോധനയ്ക്ക് വേണ്ടി വഖഫ് ബോര്‍ഡ് എം പാനല്‍ ഓഡിറ്ററായി റിട്ട: ഓഡിറ്റ് ഓഫീസര്‍ ഇ.കെ.കരുണാകരനെ നിയോഗിച്ച് കൊണ്ട് ഈ വര്‍ഷം ജനുവരി 20 ന് ഉത്തരവിട്ടത്.

ഇല്ലാകഥകളും അസത്യ പ്രചരണവും നടത്തി ഒരു വിദ്യാലയത്തെ തകര്‍ക്കാന്‍ ശ്രമിച്ച സി.പി.എമ്മിന് ലഭിച്ച കനത്ത തിരിച്ചടിയാണ് ഓഡിറ്റ് റിപ്പോര്‍ട്ടെന്ന് സ്‌കൂള്‍ മാനേജര്‍ പി.കെ. സുബൈര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.

 

ഭരണ സ്വാധീനത്തിലും സ്വന്തം വകുപ്പിന്റെ തണലിലും നടത്തിയ പരിശോധനയില്‍ പോലും കണ്ടെത്താന്‍ സാധിക്കാത്ത ആരോപണം ഉന്നയിച്ചതിന് സി.പി. എമ്മും ജില്ലാ സെക്രട്ടറി എം.വി.ജയരാജനും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏതടിസ്ഥാനത്തിലാണ് 4.80 ലക്ഷം രൂപയുടെ അഴിമതി ആരോപിച്ചതെന്ന് സി.പി.എം. വ്യക്തമാക്കണം.

മുമ്പ് പല രീതിയിലുള്ള സാമ്പത്തിക തിരിമറികള്‍ ആരോപിക്കപ്പെട്ട തളിപ്പറമ്പിലെ ചില നാമമാത്ര സഖാക്കള്‍ സീതി സാഹിബിനെ തകര്‍ക്കുന്നതിന്

വേണ്ടി ചില തല്‍പ്പരകക്ഷികളുടെ ക്യൂട്ടേഷന്‍ ഏറ്റെടുത്ത് നടത്തുന്ന പ്രചരണത്തിന്റെ പിന്നാമ്പുറങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണമെന്നും പി.കെ.സുബൈര്‍ ആവശ്യപ്പെട്ടു.