പരാതിക്കാരെ പങ്കെടുപ്പിക്കാതെ പ്രശ്നപരിഹാരമോ-ചിറവക്കിലെ ഓട്ടോപാര്ക്കിങ്ങില് വിവാദം കൊഴുക്കുന്നു
തളിപ്പറമ്പ്: വ്യാപാരികളെ ക്ഷണിക്കാതെ നടത്തിയ ട്രാഫിക് ക്രമീകരണ ചര്‍ച്ചയില്‍ വ്യാപാരി പ്രതിനിധികള്‍ പങ്കെടുത്തുവെന്ന് തെറ്റായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതില്‍ പ്രതിഷേധം.
ചിറവക്കിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ നവംബര്‍ 26 മുതല്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത ട്രാഫിക് റഗുലേറ്ററി കമ്മറ്റി യോഗത്തിലേക്ക് തങ്ങളുടെ പ്രതിനിധിയെ ക്ഷണിച്ചിട്ടില്ലെന്ന് മര്‍ച്ചന്റ്സ് അസോസിഷന് പ്രസിഡന്റ് കെ.എസ്.റിയാസും ജന.സെക്രട്ടെറി വി.താജുദ്ദീനും പറഞ്ഞു.
ചിറവക്കിലെ അനധികൃത ഓട്ടോറിക്ഷ പാര്‍ക്കിങ്ങിനെതിരെ വ്യാപാരികള്‍ പരാതി നല്‍കിയിരുന്നു.
നിലവിലുള്ള ഓട്ടോപാര്‍ക്കിംഗ് വ്യാപാരികളെ ദോഷകരമായി ബാധിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്തെ വ്യാപാരികള്‍ രംഗത്തുവന്നത്.
വ്യാപാരികള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരം കാണാതെ ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്നും നേതാക്കള്‍ ആരോപിച്ചു.
എന്നാല്‍ ഇന്നലെ നടന്നത് അവലോകനയോഗം മാത്രമാണെന്നും വ്യാപാരി പ്രതിനിധികളെ ക്ഷണിച്ചിട്ടില്ലെന്നും നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ് നിസാര്‍ പറഞ്ഞു.
സിഗ്നല്‍ലൈറ്റുകള്‍ 26 ന് ഉദ്ഘാടനം ചെയ്യപ്പെടുമെങ്കിലും അനധികൃത ഓട്ടോപാര്‍ക്കിംഗ് മൂലം വ്യാപാരികള്‍ അനുവദിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വതപരിഹാരം ഉണ്ടാവുന്നില്ല.
ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആര്.ടി.ഒ-പോലീസ് വകുപ്പുകളെ ചുമതലപ്പെടുത്തിയതായിട്ടാണ് വിവരം.
നിലവില്‍ പയ്യന്നൂര്‍ ഭാഗത്തേക്ക് പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷകള്‍ തളിപ്പറമ്പ് ഭാഗത്തേക്ക് മാറ്റി പാര്‍ക്ക് ചെയ്യാനാണ് തീരുമാനം.
ഇത് ഇടത്തേക്കാലിലെ മന്ത് വലത്തേക്കാലിലേക്ക് മാറ്റുന്നത് പോലെയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.